കൊച്ചി: ക്രൈസ്തവ സ്വത്തുക്കൾ ജനാധിപത്യരീതിയിൽ സംരക്ഷിക്കപ്പെടാൻ ചർച്ച് ആക്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ട് വിവിധ ക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തിൽ ലക്ഷം വിശ്വാസികൾ 27ന് സെക്രട്ടേറിയറ്റ് വളയുമെന്ന് ഓൾ കേരള ചർച്ച് ആക്ട് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ ധർണ ഉദ്ഘാടനം ചെയ്യും. പന്ന്യൻ രവീന്ദ്രൻ മാർച്ച് ഫ്ളാഗ് ഓഫ് ചെയ്യും. കത്തോലിക്കസഭാ നവീകരണ പ്രസ്ഥാനം, ലത്തീൻ കാത്തലിക് അസോസിയേഷൻ, കാത്തലിക് ലേമെൻ അസോസിയേഷൻ, യൂഹന്നാൻ റമ്പാന്റെ നേതൃത്വത്തിലുള്ള മലങ്കര ആക്ഷൻ കൗൺസിൽ ഫോർ ചർച്ച് ആക്ട് ബിൽ ഇംപ്ലിമെന്റേഷൻ തുടങ്ങിയ സംഘടനകളാണ് പരിപാടിയിൽ പങ്കെടുക്കുന്നത്.
ചർച്ച് ആക്ട് നടപ്പാക്കിയാൽ കന്യാസ്ത്രീകൾ അനുഭവിക്കുന്ന പീഡനങ്ങൾക്ക് അറുതിവരുത്താൻ സാധിക്കുമെന്ന് ചർച്ച് ആക്ട് പ്രചാരക അഡ്വ. ഇന്ദുലേഖ ജോസഫ് പറഞ്ഞു. . പ്രൊഫ. ജോസഫ് വർഗീസ്, കെ. ജോർജ് ജോസഫ്, ഹിൽട്ടൻ ചാൾസ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.