അടുത്ത ദിവസങ്ങളിൽ ബാക്കിയുള്ള ഭാഗങ്ങൾ ശുചീകരിക്കും
മൂവാറ്റുപുഴ: പഞ്ചായത്തിന്റെയും, പി.ടി.എയുടെയും, സ്‌കൂൾ ജീവനക്കാരുടെയും സഹായത്തിന് കാത്ത് നിൽക്കാതെ ഇഴജന്തുക്കളുടെ താവളമായ മുളവൂർ സർക്കാർ യു.പി.സ്‌കൂൾ മുറ്റം മുളവൂർ ചാരിറ്റി പ്രവർത്തകർ ശുചീകരിച്ചു . പായിപ്ര ഗ്രാമപഞ്ചായത്ത് ആറാം വാർഡിലെ മുളവൂരിലെ ഏക സർക്കാർ യു.പി.സ്‌കൂളിന്റെ മുറ്റവും, പരിസരവുമാണ് സ്‌കൂൾ പി.ടി.എ.യുടെയും ജീവനക്കാരുടെയും അനാസ്ഥയെ തുടർന്ന് കാട് കയറി ഇഴ ജന്തുക്കളുടെ താവളമായി മാറിയിരുന്നത്. വിവരമറിഞ്ഞ മുളവൂരിലെ യുവജന കൂട്ടായ്മയായ മുളവൂർ ചാരിറ്റി പ്രവർത്തകരുടെ നേതൃത്വത്തിൽ ശുചീകരണം നടത്തിയത്. ക്ലാസ് മുറികളോട് ചേർന്നുള്ള ഭാഗങ്ങളുടെ ശുചീകരണമാണ് ഇന്നലെ നടന്നത്. പായിപ്ര ഗ്രാമപഞ്ചായത്ത് ആറാം വാർഡിലെ അംഗൻവാടി അടയ്ക്കം ഒന്നു മുതൽ ഏഴ് വരെയുള്ള ക്ലാസുകളിലായി 200ഓളം വിദ്യാർത്ഥികളാണ് ഇവിടെ പഠനം നടത്തുന്നത്. സ്‌കൂളിന്റെ മുറ്റവും, പുറക് വശവുമെല്ലാം കാട് കയറി ഭീതിപ്പെടുത്തുന്ന അവസ്ഥയിലാണ്. സ്‌കൂൾ ഓഫീസിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന പൊളിച്ച് നീക്കാനുള്ള കാലപ്പഴക്കം ചെന്ന കെട്ടിടം എലികളുടെയും, പാമ്പുകളുടെയും വാസസ്ഥലമായി മാറിയിരിക്കുകയാണ്. കുട്ടികളുടെ ശുചിമുറി സ്ഥിചെയ്യുന്ന സ്ഥലവും, കൈകഴുകുന്നതിനും മറ്റും ഉപയോഗിക്കുന്ന സ്ഥലത്തെല്ലാം ഇഴ ജന്തുക്ക കേന്ദ്രികരിക്കുവാൻ സാദ്ധ്യതയേറെയാണ്. കൊച്ചു കുട്ടികൾ പഠിക്കുന്ന ഒന്നാം ക്ലാസിന് സമീപത്ത് കാടുകൾ കയറിയനിലയിലാണ്. ബത്തേരി സംഭവുമായി ബന്ധപ്പെട്ട് വാർത്തകൾ വന്നതോടെ ഇന്നലെ അദ്ധ്യാപകരുടെ നേതൃത്വത്തിൽ കാടുകൾ വെട്ടി തെളിക്കുവാൻ തയ്യാറായി .
ഫണ്ടില്ലെന്ന് അധികൃതർ
സ്‌കൂൾ കെട്ടിടങ്ങൾ പഞ്ചായത്തിന്റെ നേതൃത്വത്തിൽ അറ്റകുറ്റപ്പണികളെല്ലാം തീർത്ത് മനോഹരമാക്കിയിട്ടുണ്ടങ്കിലും സ്‌കൂൾ മുറ്റവും പരിസരവുമെല്ലാം കാട് കയറിയ നിലയിലാണ്. കാട് വെട്ടിതെളിക്കാൻ ഫണ്ടില്ലന്ന കാരണമാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. സ്‌കൂൾ പി.ടി.എ കമ്മിറ്റി അംഗങ്ങളാകാൻ മത്സരിക്കുന്നവർ സ്‌കൂളിന്റെ വികസന കാര്യങ്ങളിൽ വേണ്ടത്ര ഇടപെടാത്തതും സ്‌കൂളിന്റെ ദുരവസ്ഥയ്ക്ക് കാരണമാണ്.