പെരുമ്പാവൂർ: റവന്യൂ ജില്ലാ കലോത്സവത്തിന്റെ കൊട്ടിക്കലാശ ദിനത്തിൽ ഓവറോൾ കിരീടം തങ്ങൾക്ക് തന്നെയെന്ന് ഉറപ്പിച്ച് എറണാകുളത്തിന്റെ ആരവം. മൂന്നാംദിനം തൊട്ട് ആതിഥേയരെ രണ്ടാം സ്ഥാനത്തേക്ക് തള്ളി യാത്ര തുടങ്ങിയ എറണാകുളം ഉപജില്ല 872 പോയിന്റുകൾ നേടി ഓവറോൾ കപ്പിൽ മുത്തമിട്ടാണ് വിജയക്കുതിപ്പ് അവസാനിപ്പിച്ചത്. ആറുവർഷത്തിന് ശേഷമാണ് കിരീടം എറണാകുളത്തിന്റെ മണ്ണിൽ തിരിച്ചെത്തുന്നത്. ആതിഥേയരായ പെരുമ്പാവൂരും നിലവിലെ ചാമ്പ്യന്മാരായ ആലുവയും രണ്ടാംസ്ഥാനം പങ്കിട്ടു. 819 പോയിന്റ്. 763 പോയിന്റുകൾ നേടിയ നോർത്ത് പറവൂരിനാണ് മൂന്നാം സ്ഥാനം. നാലാം സ്ഥാനത്തുള്ള മൂവാറ്റുപുഴയ്ക്ക് 745 പോയിന്റാണ്. 730 പോയിന്റോടെ മട്ടാഞ്ചേരി അഞ്ചാംസ്ഥാനത്ത്. 130 അപ്പീലാണ് കലോത്സവത്തിൽ ഇന്നലെ വരെ വന്നത്.
ഇന്നലെ വൈകിട്ട് പെരുമ്പാവൂർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സമാപന സമ്മേളനം എൽദോസ് കുന്നപ്പള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർപേഴ്‌സൺ സതി ജയകൃഷ്ണൻ അധ്യക്ഷയായിരുന്നു..സിനിമ സീരിയൽ താരം കുമാരി നീരജ മുഖ്യാതിഥിയായി. റവന്യൂ ജില്ല വിദ്യാഭ്യാസ ഓഫീസർ ഇൻ ചാർജ് സുബിൻ പോൾ സമ്മാനദാനം നടത്തി.
ഹയർ സെക്കൻഡറി വിഭാഗം
എറണാകുളം - 384
പെരുമ്പാവൂർ -364
ആലുവ - 364
നോർത്ത് പറവൂർ - 364
തേവര എസ്.എച്ച് എച്ച്.എസ്.എസിനാണ് (130) സ്‌കൂൾ വിഭാഗം ഓവറോൾ. 127 പോയിന്റുകളോടെ എറണാകുളം സെന്റ് തെരേസാസ് കോൺവെന്റ് ഗേൾസ് സ്‌കൂൾ റണ്ണേഴ്‌സ് അപ്പായി. മൂവാറ്റുപുഴ എൻ.എസ്.എൻ.ഡി.പി എച്ച്.എസ്.എസിനാണ് മൂന്നാം സ്ഥാനം (95).
ഹൈസ്‌കൂൾ വിഭാഗം
എറണാകുളം - 344
ആലുവ- 318
മൂവാറ്റുപുഴയും - 318
പെരുമ്പാവൂർ - 307
കോതമംഗലം സെന്റ് അഗസ്റ്റിൻസ് ഗേൾസ് എച്ച്.എസ്.എസ് 115 പോയിന്റുകളോടെ സ്‌കൂൾ ഓവറോൾ നേടി. എറണാകുളം സെന്റ് തേരേസാസ്, മൂവാറ്റുപുഴ സെന്റ് അഗസ്റ്റിൻ സ്‌കൂളുകൾ (98) രണ്ടാം സ്ഥാനക്കാരായി. എടവനക്കാട് ഹിദായത്തുൽ ഇസ്‌ലാം എച്ച്.എസ്.എസിനാണ് മൂന്നാം സ്ഥാനം.
യു.പി വിഭാഗം
പെരുമ്പാവൂർ -148
എറണാകുളം -144
നോർത്ത് പറവൂർ -141
മൂവാറ്റുപുഴ സെന്റ് അഗസ്റ്റിൻസ് ഗേൾസ് എച്ച്.എസ്.എസ് 40 പോയിന്റുകളോടെ സ്‌കൂൾ വിഭാഗം കിരീടത്തിൽ മുത്തമിട്ടു. എറണാകുളം സെന്റ് തെരേസാസ് (34) രണ്ടാം സ്ഥാനക്കാരായപ്പോൾ ആലുവ നിർമല ഇ.എം.എച്ച്.എസും ഫോർട്ട് കൊച്ചി സെന്റ് മേരീസ് ആംഗ്ലോ ഇന്ത്യൻ സ്‌കൂളും 30 പോയിന്റുകൾ വീതം നേടി മൂന്നാം സ്ഥാനം പങ്കിട്ടു.