തോപ്പുംപടി: സ്മാർട്ട് സിറ്റി പദ്ധതിയിൽ നിന്നും പടിഞ്ഞാറൻ കൊച്ചിയെ തഴയുന്നു. ഭവനം, കുടിവെള്ളം, തൊഴിൽ തുടങ്ങിയ പദ്ധതികൾക്ക് മാത്രമായി 300 കോടിയോളം രൂപയുടെ പദ്ധതികൾ അനുവദിച്ചു. എന്നാൽ കാലതാമസം വരുത്തി പാവങ്ങൾക്ക് പ്രയോജനം ലഭികാതെ ആവുകയാണ്. സംസ്ഥാന സർക്കാരിനും സ്മാർട്ട് മിഷൻ കമ്പനിക്കും കൊച്ചി നഗരസഭക്കും ഇതിൽ പങ്കുണ്ട്. 120 കോടി രൂപ ഭവന പദ്ധതിക്കായി നീക്കിവെച്ചിട്ടുണ്ട്. ഇതിൽ നിന്നും ഒരു ശതമാനം മാത്രമാണ് ഇതുവരെ ചെലവഴിച്ചിരിക്കുന്നത്. 2020-ൽ പദ്ധതിയുടെ കാലാവധിയും തീരും. ടെണ്ടർ നടപടികൾ ഡിസംബർ 31 നകം പൂർത്തീകരിക്കണമെന്നാണ് കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം.

സമഗ്രമായ ചേരി നിർമാർജന പദ്ധതി തയ്യാറാക്കുന്നതിൽ പദ്ധതി ഏജൻസിയായ സി.എസ്.എം.എൽ കമ്പനി പരാജയപ്പെട്ടിരിക്കുകയാണ്. ഭവന പദ്ധതി തടസപ്പെട്ടിരിക്കുകയാണ്. ഇതിന് ഭൂമി ലഭ്യമല്ല എന്നാണ് ഭരണകൂടം പറയുന്നത്.റേ ഫ്ളാറ്റ് പദ്ധതി പോലും സമയബന്ധിതമായി നടപ്പാക്കാൻ അധികാരികൾക്കായില്ല. 2014ൽ തുടങ്ങേണ്ട ഫ്ളാറ്റ് നിർമ്മാണം ജനകീയ പ്രക്ഷോഭം രൂക്ഷമായതോടെയാണ് 2017ൽ തുടങ്ങിയത്. എന്നാൽ കഴിഞ്ഞ 8 മാസമായി നിർമ്മാണം നിലച്ചിരിക്കുകയാണ്. പലപ്പോഴും പദ്ധതി തുകകൾ വകമാറ്റി ചെലവഴിക്കുകയാണ്.പലപ്പോഴും പശ്ചിമകൊച്ചിക്കാർക്ക് കറിവേപ്പിലയുടെ അവസ്ഥയാണ്.

പരാജയപ്പെട്ട് പദ്ധതികൾ

●ഫോർട്ടുകൊച്ചി-മട്ടാഞ്ചേരി ഭാഗത്തെ കുടിവെള്ള പദ്ധതിക്കായി 131 കോടി രൂപയാണ് പാസായത്. എന്നാൽ കുടിവെള്ള ദൗർലഭ്യം ചൂണ്ടിക്കാട്ടി വാട്ടർ അതോറിട്ടിയുടെ സൗകര്യങ്ങൾ വർദ്ധിപ്പിച്ചതല്ലാതെ മറ്റൊന്നും നടന്നില്ല

●പഴകിയ പൈപ്പുകൾ മാറ്റി സ്ഥാപിക്കാൻ 35 കോടി രൂപയുടെ പദ്ധതി സി.എസ്.എം.എലും വാട്ടർ അതോറിട്ടിയും കൂടി പരസ്പരം പഴിചാരി പദ്ധതി തന്നെ ഇല്ലാതാക്കി

●തൊഴിൽ അവസരത്തിനായി അനുവദിച്ച 50 കോടി രൂപ തടസപ്പെട്ടുകിടക്കുകയാണ്. പലപ്പോഴും പദ്ധതി തുകകൾ വക മാറ്റി ചെലവഴിക്കുകയാണ്