ആലുവ: ഭൂഗർഭ വൈദ്യുതി ലൈൻ സ്ഥാപിക്കുന്നതിന്റെ ഭാഗമായി നഗരത്തിലെ കുടിവെള്ള പൈപ്പുകൾ നിരന്തരമായി പൊട്ടുന്നതിനെ തുടർന്ന് ബദൽ സംവിധാനങ്ങൾ ഒരുക്കാൻ തീരുമാനമായി. ഇന്നലെ അൻവർസാദത്ത് എം.എൽ.എ. ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടേയും അടിയന്തിര യോഗം വിളിച്ചു ചേർത്ത് പ്രശ്‌നംചർച്ച ചെയ്തു.
കുടിവെള്ള പൈപ്പുകൾ പൊട്ടി ജലക്ഷാമം നേരിട്ടാൽ അതത് പ്രദേശത്തെ കൗൺസിലർമാരുടെ നിർദ്ദേശമനുസരിച്ച് ടാങ്കറുകളിൽ കുടിവെള്ളം എത്തിക്കുവാൻ തീരുമാനിച്ചു. . കെ.എസ്.ഇ.ബി.യിലെ ഒരു സബ് എൻജിനീയർക്കും ഇതിന്റെ ചുമതല നൽകും. ജോലിക്കാർ നേരിട്ടായിരിക്കും കുഴിയെടുക്കുന്ന ജോലികൾ നിർവഹിക്കുക. ആവശ്യമെങ്കിൽ മാത്രമായിരിക്കും മെഷിനുകളുടെ സഹായം ഉപയോഗിക്കുക. . ആലുവ നഗരസഭ ചെയർപേഴ്‌സൺ ലിസി എബ്രഹാം, കെ.എസ്.ഇ.ബി. എക്‌സിക്യൂട്ടീവ് എൻജിനീയർ സിന്ധു, ജല അതോറിറ്റി എൻജിനീയർ രേണുകാ മേനോൻ, മറ്റു ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ കൗൺസിലർമാരായ സെബി.വി. ബാസ്റ്റിനും, എ.സി. സന്തോഷ്‌കുമാറും യോഗ സ്ഥലത്ത് പ്രതിഷേധിച്ചു.

ടാങ്കറുകളിൽ കെ.എസ്.ഇ.ബി.യുടെ ഉത്തരവാദിത്വത്തിൽ കുടിവെള്ളം

ചോർച്ചകൾ പരിഹരിക്കാൻ രണ്ട് കരാറുകാർക്ക് കൂടി അധിക ചുമതല

ജലഅതോറിറ്റിയുടെ ഒരു എ.ഇ.യ്ക്കും ഓവർസീയർക്കും ഈ ജോലികളുടെ മാത്രം ഉത്തരവാദിത്വം

മൂന്നാഴ്ച കൊണ്ട് കേബിളുകൾ സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയാക്കും