കൊച്ചി : പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും തമ്മിലുള്ള കെമിസ്ട്രിയാണ് ബി.ജെ.പിയുടെ മുന്നേറ്റങ്ങൾക്കു പിന്നിലെന്നും ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ഇത്തരമൊരു മഹത്തായ കൂട്ടുകെട്ട് ഉണ്ടായിട്ടില്ലെന്നും കേന്ദ്രമന്ത്രി വി. മുരളീധരൻ അഭിപ്രായപ്പെട്ടു. വെല്ലുവിളികളെ അവസരമാക്കിയ നേതാവാണ് അമിത് ഷാ എന്നും അദ്ദേഹം പറഞ്ഞു.. ഡോ. ശ്യമപ്രസാദ് മുഖർജി റിസേർച്ച് ഫൗണ്ടേഷൻ ഡയറക്ടർ ഡോ. അനിർബൻ ഗാഗുംലിയും ശിവാനന്ദ് ദ്വിവേദിയും ചേർന്നെഴുതിയ അമിത് ഷാ ആൻഡ് ദി മാർച്ച് ഒഫ് ബി.ജെ.പി എന്ന പുസ്തകത്തെക്കുറിച്ച് ഇന്ത്യ ഇൻ ദി ഫ്യൂചർ എന്ന സംഘടന ഒരുക്കിയ സംവാദത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ രാഷ്ട്രീയത്തിലെ ചാണക്യനാണ് അമിത് ഷായെന്ന് റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി. ചിദംബരേഷ് അഭിപ്രായപ്പെട്ടു. എറണാകുളം ബി.ടി.എച്ച് ഹോട്ടലിൽ നടന്ന സംവാദത്തിൽ ഇന്ത്യ ഇൻ ദി ഫ്യൂച്ചർ എന്ന സംഘടനയുടെ പ്രസിഡന്റ് ഡോ. പി. ബിജു അദ്ധ്യക്ഷത വഹിച്ചു. മുൻ ഡി.ജി.പി എം.ജി.എ രാമൻ, ഭാരതീയ വിചാരണ കേന്ദ്രം ഉപാദ്ധ്യക്ഷൻ പ്രൊഫ. സി.ഐ. ഐസക്ക്, ഡോ. അനിർബൻ ഗാംഗുലി തുടങ്ങിയവർ സംസാരിച്ചു. മാദ്ധ്യമ പ്രവർത്തകനായ കാവാലം ശശികുമാർ മോഡറേറ്ററായിരുന്നു. അഡ്വ. കെ.എസ്. ഷൈജു സ്വാഗതവും പി.വി. അതികായൻ നന്ദിയും പറഞ്ഞു.