കൊച്ചി: വൈദ്യുതി മുടങ്ങുമ്പോൾ കെ.എസ്.ഇ.ബിയെ കുറ്റം പറയുന്ന നാമുണ്ടോ അറിയുന്നു വൈദ്യുതി പോകാതെ നോക്കുന്നതിന് പിന്നിലെ നിരവധി പേരുടെ ജീവന്മരണ പോരാട്ടങ്ങൾ. അങ്ങിനെയൊരു പോരാട്ടത്തിന് മുന്നിൽ നിന്ന് രാപ്പകൽ പ്രയത്നിച്ച ഉദ്യോഗസ്ഥനെ കെ.എസ്.ഇ.ബി അംഗീകാരപത്രം നൽകി ആദരിച്ചു. കഴിഞ്ഞ മാസത്തെ മിന്നൽ മഴയിൽ വെള്ളത്തിൽ മുങ്ങിയ കലൂർ സബ് സ്റ്റേഷണ ഓഫാക്കേണ്ടി വന്നപ്പോൾ കൂടുതൽ പ്രശ്നങ്ങൾ ഒഴിവാക്കാനും വിചാരിച്ചതിലും മുന്നേ വീണ്ടും ചാർജ് ചെയ്യാൻ വഴിയൊരാക്കുകയും ചെയ്ത ഓവർസിയർ വി.ഡി.ഷജിലിനാണ് കെ.എസ്.ഇ.ബി ചെയർമാൻ എൻ.എസ്.പിള്ളയുടെ അഭിനന്ദന കത്ത് ലഭിച്ചത്. വെള്ളം കയറി സബ് സ്റ്റേഷൻ ഓഫ് ചെയ്യേണ്ടി വന്നപ്പോൾ രണ്ട് ദിവസം കൊച്ചി നഗരം ഇരുട്ടിലാകുമെന്ന സ്ഥിതിയിലായിരുന്നു. ഏത് നിമിഷവും മെട്രോ സർവീസും മുടങ്ങിയേനെ. ഷജിലും സംഘവും രാപ്പകൽ മിഴിചിമ്മാതെ വെള്ളം തടഞ്ഞ് നിർത്തിയും നനഞ്ഞ പാനൽ ബോർഡുകൾ ഉണക്കിയെടുത്തും മണിക്കൂറുകൾക്കുള്ളിൽ വൈദ്യുതി പുനസ്ഥാപിക്കുകയായിരുന്നു. ഈ പ്രയത്നം അസാധാരണമാണെന്നും ജനങ്ങൾക്കും സർക്കാരിനും ബോർഡിനും നൽകിയ ആശ്വാസവും സാമ്പത്തിക നേട്ടവും അമൂല്യമാണെന്നും ചെയർമാന്റെ കത്തിൽ പറയുന്നു. ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാലയുടെ സെക്രട്ടറി കൂടിയാണ് ഷജിൽ. അദ്ദേഹത്തെ ആദരിക്കാൻ ഗ്രന്ഥശാലാ പ്രവർത്തകരും സുഹൃത്തുക്കളും ചേർന്ന് ഇന്ന് വൈകിട്ട് ആറരയ്ക്ക് ഗ്രന്ഥശാലാ ഹാളിൽ ചടങ്ങും സംഘടിപ്പിച്ചിട്ടുണ്ട്.