പെരുമ്പാവൂർ: മുടക്കുഴ പെട്ട മലയിലെ പാറക്കുളത്തിൽ യുവാവ് മുങ്ങി മരിച്ച സംഭവത്തിൽ മൂന്ന് യുവാക്കളെ കോടനാട് പൊലീസ് അറസ്റ്റു ചെയ്തു. കോതമംഗലം ഐരുർപ്പാടം വെള്ളാപ്പിളളിയിൽ ആഷിക് (19), നെല്ലിക്കുഴി പുത്തൻപുരയ്ക്കൽ ഷാഹുൽ (22), ഐരൂർപ്പാടം തറക്കണ്ടത്തിൽ നഹബാൻ (19) എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം. തങ്കളം ചിറ്റേത്ത് കുടി നിസാറിന്റെ മകൻ നൗഫാൻ (19) ആണ് മരിച്ചത്. കൂട്ടുകാരോടൊപ്പം പെട്ട മലയിലെ പാറക്കുളങ്ങൾ കാണാനെത്തിയതാണ്
നൗഫാൻ. അറസ്റ്റിലായ മൂന്ന് പേരും ഈ സമയം മലയുടെ മുകളിലുണ്ടായിരുന്നു. നൗഫനും കൂട്ടുകാരും മലകയറി വരുന്നതു കണ്ട മൂവർ സംഘം പുൽക്കാടിനുള്ളിൽ മറഞ്ഞിരുന്ന് ഇവരെ ഭയപ്പെടുത്തിയെന്ന് പറയുന്നു. ഞെട്ടലോടെ ഭയന്നു മാറുന്നതിനിടെ നൗഫൻ കാൽ വഴുതി പാറക്കുളത്തിലേക്ക് വീണുവെന്ന് പൊലീസ് അറിയിച്ചു.
വഴിയിൽ നായയെ കണ്ട് പേടിച്ചോടുന്നതിനിടെ കാൽവഴുതി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് ഇവർ അന്ന് പോലീസിനോട് പറഞ്ഞത്. വിശദമായ ചോദ്യം ചെയ്യലിലാണ് ഇവർ കുറ്റം ഏറ്റുപറഞ്ഞത്. മനപൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് ഇവർക്കെതിരെ കേസെടുത്തത്. അറസ്റ്റിലായ ആഷിക് കോതമംഗലത്ത് കഞ്ചാവ് ഉപയോഗlച്ച കേസിൽ പ്രതിയാണ്. ഷാഹുൽ പെരുമ്പാവൂരിൽ മാല പൊട്ടിച്ച കേസിലും നഹബാൻ കടവന്ത്രയിൽ വാഹനമോഷണ കേസിലും പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.