കൊച്ചി : ഒഡിഷയിലെ പുരി ഗോവർധൻ പീഠത്തിലെ ശങ്കാരാചാര്യർ സ്വാമി നിശ്ചലാനന്ദ സരസ്വതി രണ്ടു ദിവസത്തെ ധർമ്മസഭയ്ക്കായി ഇന്ന് കൊച്ചിയിലെത്തും. സ്വാമിയുടെ കേരളത്തിലെ രണ്ടാമത്തെ സന്ദർശനമാണിത്.
വൈകിട്ട് 5.30 എറണാകുളം രാജാജി റോഡിലെ ഗംഗോത്രി കല്യാണമണ്ഡപത്തിൽ എത്തിച്ചേരുന്ന സ്വാമിയെ കിണറ്റിൻകര സമൂഹമഠത്തിന്റെ നേതൃത്വത്തിൽ പൂർണകുംഭം നൽകി സ്വീകരിക്കും. വേദവിജ്ഞാനത്തെ അടിസ്ഥാനമാക്കി സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തും.
ശങ്കരാചാര്യ ഗോവർധൻ പീഠത്തിന്റെ 145-ാമത് അധിപനായ സ്വാമി 185 ൽപ്പരം ധർമ്മ, വേദ ഗ്രന്ഥങ്ങളുടെ രചയിതാവാണ്. ആധുനികശാസ്ത്രം, വേദഗണിതശാസ്ത്രം എന്നിവയിൽ പണ്ഡിതനാണ്.
കഴിഞ്ഞ നവംബർ 5 ന് ഒറീസയിലെ ജഗന്നാഥ പുരിയിൽനിന്നാരംഭിച്ച ദിഗ്വിജയാത്രയുടെ ഭാഗമായാണ് അദ്ദേഹത്തിന്റെ കൊച്ചി സന്ദർശം. ഡിസംബർ 28 ന് പുരിയിൽ യാത്ര സമാപിക്കും. തമിഴ്‌നാട്ടിൽ നിന്നാണ് കൊച്ചിയിൽ എത്തുന്നത്. ഡിസംബർ 23 ന് ഡൽഹിയിൽ നടക്കുന്ന ഇന്റർനാഷണൽ വേദിക്ക് മാത്തമാറ്റിക്‌സ് കോൺഫറൻസിൽ അദ്ദേഹം സംസാരിക്കും.
നോർത്ത് ഇൻഡ്യൻ അസോസിയേഷൻ, അഗർവാൾ യുവസമാജ് കേരള, കിണറ്റിൻകര സമൂഹമഠം, വിവിധ ഹൈന്ദവ ധർമ്മ സംഘടനകൾ എന്നിവയുടെ നേതൃത്വത്തിലാണ് വിശാല ധർമ്മസഭ നടത്തുന്നത്. എല്ലാവർക്കും പ്രവേശനം ലഭിക്കും. വിവരങ്ങൾക്ക് ഫോൺ: 9447745652.