കൊച്ചി : കേരളത്തിലെ തൊണ്ണൂറു ശതമാനം റോഡുകളും സഞ്ചാരയോഗ്യമാണെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ പറഞ്ഞു. സാങ്കേതിക നൂലാമാലകൾ കാരണമാണ് ബാക്കി റോഡുകളുടെ പുനരുദ്ധാരണം വൈകുന്നത്. പലരും ഇത്തരം റോഡുകൾ മാത്രമാണ് നിർഭാഗ്യവശാൽ കാണുന്നത്.
ഇന്ത്യൻ കോൺക്രീറ്റ് ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച 'സുസ്ഥിര കോൺക്രീറ്റ് പാതകൾ' എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
മംഗലാപുരത്ത് നിർമ്മിച്ച കോൺക്രീറ്റ് റോഡുകൾ കേരളത്തിലും വ്യാപകമാക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യം മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്. കൂടുതൽ ചർച്ചകൾ നടത്തി 900 കിലോമീറ്റർ റോഡ് 'തിൻ വൈറ്റ് ടോപ്പിംഗ് ' സാങ്കേതിക വിദ്യ ഉപയോഗിച്ച് 30 മുതൽ 50 വർഷം വരെ നിലനിൽക്കുന്ന വിധത്തിൽ പുനരുദ്ധരിക്കാൻ ആലോചിക്കുന്നുണ്ട്.
സംസ്ഥാനത്ത് ദേശീയപാതകളുടെ സ്ഥിതി പല സ്ഥലങ്ങളിലും ദയനീയമാണ്. ഭരണപരമായ കെടുകാര്യസ്ഥതയാണ് ഇതിന് പ്രധാന കാരണം. പ്ലാസ്റ്റിക് മാലിന്യം, കയർ ജിയോഗ്രിഡ്, സ്വഭാവിക റബ്ബർ എന്നിവ ഉപയോഗിക്കുന്നതിൽ കൂടുതൽ കാര്യക്ഷമത എൻജിനീയർമാർ കാട്ടാത്തത് പ്രകൃതി സൗഹൃദ റോഡുകളെന്ന ലക്ഷ്യം വിദൂരമാക്കുന്നു.
പൊതു നിർമിതികൾ പ്രയോജനകരവും ശാശ്വതവുമാകാൻ സാങ്കേതിക വിദഗ്ദ്ധർ യാഥാസ്ഥിതിക മനോഭാവം വെടിയണം. ഉപഭോക്താക്കൾ എൻജിനീയർമാരിൽ വിശ്വാസം അർപ്പിക്കണമെന്നും പൊതുമരാമത്ത് മന്ത്രി പറഞ്ഞു.
പൊതുമരാമത്ത് ചീഫ് എൻജിനീയർ എൽ. ബീന പ്രഭാഷണം നടത്തി.