കൊച്ചി : പരസഹായം ആനിവാര്യമായതിനാൽ കുടുംബത്തിനൊപ്പം താമസിക്കുന്നു. സഞ്ചരിക്കാൻ മറ്റു വഴിയില്ലാത്തതിനാൽ പഴഞ്ചൻ കാർ വാങ്ങി. ഇങ്ങനെയൊരു ശിക്ഷ ഭിന്നശേഷിക്കാർ പ്രതീക്ഷിച്ചില്ല. സർക്കാർ നൽകുന്ന തുച്ഛമായ പെൻഷൻ കൂടി ഇല്ലാതാകുമോയെന്ന ആശങ്കയിലാണ് പ്രത്യേക പരിഗണന ആവശ്യമായ ആയിരക്കണക്കിന് ഭിന്നശേഷിക്കാർ.
സാമൂഹ്യക്ഷേമ പെൻഷൻ ലഭിക്കുന്നവരിലെ അനർഹരെ ഒഴിവാക്കാൻ സർക്കാർ പുതുക്കിയ അർഹതാ മാനദണ്ഡങ്ങളാണ് ഭിന്നശേഷിക്കാർക്ക് ഇരുട്ടടിയായത്. മാനുഷിക പരിഗണന തങ്ങൾക്ക് നൽകാൻ സർക്കാർ തയ്യാറായില്ലെങ്കിൽ സമരവുമായി തെരുവിലിറങ്ങാതെ മറ്റു വഴിയില്ലെന്ന് അവർ പറയുന്നു.
# ഭിന്നശേഷിക്കാർ പറയുന്നു.
ബഹുഭൂരിപക്ഷവും സ്വന്തമായി തൊഴിലോ പെൻഷനൊഴികെ മറ്റു വരുമാനങ്ങളോ ഇല്ലാത്തവരാണ്.
കൂട്ടുകുടുംബങ്ങളിലാണ് താമസിക്കുന്നത്.
തീവ്രമായ ശാരീരിക വൈകല്യമുള്ളവർ പ്രായപൂർത്തിയായ ശേഷവും മാതാപിതാക്കൾ,സഹോദരങ്ങൾഎന്നിവരോടൊപ്പമാണ് താമസിക്കുന്നത്.
തീവ്രശാരീരികപരിമിതിയുള്ളവർ രേഖകളിൽ സഹോദരിയുടേയോ സഹോദരന്റേയോ അല്ലെങ്കിൽ ബന്ധുക്കളുടേയോ കുടുംബത്തിന്റെ ഭാഗമാണ്.
സ്വന്തമായി വീടുവയ്ക്കാനോ ജീവിക്കാനോ പ്രാപ്തരല്ലെന്ന ഒറ്റക്കാരണം കൊണ്ട് ബന്ധുക്കൾ പണിത വലിയ വീടിന്റെ മൂലയിൽ ഒതുങ്ങേണ്ടി വരുന്നവരാണ് ഭൂരിപക്ഷം ഭിന്നശേഷിക്കാരും.
തീവ്രമായശാരീരികവൈകല്യം അനുഭവിക്കുന്നവരെ ആരോഗ്യ പ്രശ്‌നങ്ങളും അലട്ടുന്നുണ്ടാകും. അത്യാവശ്യയാത്രകൾക്ക് പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കാനാത്ത ചിലർ പഴയ കാർ വാങ്ങിയിട്ടുണ്ടാകാം. കാറിൽ എ.സിയുമാണ്ടാകാം.
അവ സമ്പന്നതയുടെ ലക്ഷണമല്ല.
സർക്കാർ നൽകുന്ന ക്ഷേമപെൻഷനാണ് ഭിന്നശേഷിക്കാരുടെ ജീവിതമാർഗം.
# ശീതീകരിച്ച വീടും കാറും തിരിച്ചടി
വലുതും ശീതീകരിച്ചതുമായ വീടുകളിൽ താമസിക്കുന്നവരെയും സ്വന്തമായി കാറുള്ളവരെയും പെൻഷനിൽ നിന്ന് ഒഴിവാക്കാനാണ് സർക്കാർ ഉത്തരവ്.
ക്ഷേമപൻഷനിലെ പുതിയ മാനദണ്ഡങ്ങളിൽ നിന്ന് ഭിന്നശേഷിക്കാരെ ഒഴിവാക്കണമെന്ന് ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ ആവശ്യപ്പെട്ടു. അല്ലെങ്കിൽ ഭിന്നശേഷിക്കാർ (വീൽചെയറിൽ സഞ്ചരിക്കുന്നവർ) പ്രതിഷേധ
പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. ലൈസ് ബിൻ മുഹമ്മദ്, ട്രഷറർ സക്കീർ ഹുസൈൻ എന്നിവർ പറഞ്ഞു
# സർക്കാർ കനിയണം
ഒറ്റനോട്ടത്തിൽ യുക്തിസഹമെന്നു തോന്നുന്ന മാനദണ്ഡങ്ങളാണ് സർക്കാർ അനർഹരെ ഒഴിവാക്കാൻ നിർണയിച്ചിരിക്കുന്നത്. ഭിന്നശേഷിക്കാർ നേരിടുന്ന പ്രശ്‌നങ്ങളും കുടുംബ സംവിധാനത്തിന്റെ സങ്കീർണതയുമൊന്നും അതിൽ കണക്കിലെടുത്തിട്ടില്ല. ഞങ്ങൾക്ക് ഇളവ് നൽകാൻ തയ്യാറാകണം.
രാജീവ് പള്ളുരുത്തി
സംസ്ഥാന ജനറൽ സെക്രട്ടറി
ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ