കോലഞ്ചേരി : തല്ലിപ്പൊളി കോച്ചുകൾ പുതുക്കി തിരുവനന്തപുരം ലോകമാന്യതിലക് നേത്രാവതി സുന്ദരിയായി. എ.സി കോച്ചുകളിൽ എല്ലാ ആധുനിക സജ്ജീകരണങ്ങളും ഒരുക്കി.
വാട്ടർ ബോട്ടിൽ ഹോൾഡർ, മൊബൈൽ റീ ചാർജർ , കോച്ച് കാബിൻ തിരിച്ചറിയാൻ സംവിധാനം, വിൻഡോ കർട്ടൻ, ബയോ ടോയ്ലറ്റ്, ഭക്ഷണം കഴിക്കാൻ സ്റ്റാൻഡ് , നല്ല സീറ്റും ബർത്തും അങ്ങിനെ യാത്രക്കാരുടെ പരാതികൾ മിക്കവാറും പരിഹരിച്ചു.
തിരുവനന്തപുരത്ത് നിന്ന് കൊങ്കൺ വഴി മുംബയിലെത്തുന്ന പ്രതിദിന ട്രെയിൻ ആണ് നേത്രാവതി. മുംബായ് മലയാളികളുടെ സ്വന്തം വണ്ടി. കൊല്ലൂർ മൂകാംബിക ഭക്തരുടെ ആശ്രയം. പക്ഷേ പല കോച്ചുകളും ചോർന്നൊലിച്ചും തുരുമ്പെടുത്തും ദയനീയാവസ്ഥയിലായിരുന്നു ഇതുവരെ. വേണാട് എക്സ്പ്രസും അടുത്തിടെ പുതിയ കോച്ചുകൾ കയറ്റി പുതുക്കിയിരുന്നു.
നിലവിൽ റെയിൽവേയുടെ തുരന്തോ ട്രയിനുകളാണ് വൃത്തിയിലും വെടിപ്പിലും മുന്നിൽ, അതിലെ യാത്രയും ചിലവേറിയതാണ്.
മംഗാലപുരത്തിനടുത്ത് അറബിക്കടലിൽ ചേരുന്ന നദിയാണ് നേത്രാവതി.