കൊച്ചി: ജെയിൻ യൂണിവേഴ്‌സിറ്റിയുടെ കൊച്ചി ഒഫ് കാമ്പസിന് അംഗീകാരമില്ലെന്ന പ്രചരണം തെറ്റാണെന്ന് യൂണിവേഴ്‌സിറ്റി വാർത്താക്കുറിപ്പിൽ അറിയിച്ചു. കാമ്പസിലെ കോഴ്‌സുകൾ അവസാനിപ്പിക്കാൻ യു.ജി.സി നിർദ്ദേശിച്ചിട്ടില്ല. യു.ജി.സി സംഘം ഡിസംബർ ആദ്യവാരം കാമ്പസ് സന്ദർശിക്കും. സന്ദർശനം സംബന്ധിച്ച് യൂണിവേഴ്‌സിറ്റിക്ക് അറിയിപ്പ് ലഭിച്ചിട്ടുണ്ട്. യു.ജി.സി മാനദണ്ഡങ്ങൾക്ക് അനുസൃതമായി യൂണിവേഴ്‌സിറ്റി നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരമാണ് യു.ജി.സി സമിതിയുടെ സന്ദർശനം.
2018 ലാണ് ജെയിൻ യൂണിവേഴ്‌സിറ്റി ഉൾപ്പെടെ ഏതാനും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് യു.ജി.സി അധിക സ്വയംഭരണാവകാശം നൽകിയത്. പുതിയ കോഴ്‌സുകൾ ആരംഭിക്കാനും രാജ്യത്തെവിടെയും രണ്ട് ഒഫ് കാമ്പസുകൾ സ്ഥാപിക്കാനും അവകാശമുണ്ട്. വിദേശ അദ്ധ്യാപകരുടെ സേവനം സ്വീകരിക്കാനും വിദേശവിദ്യാർത്ഥികൾക്ക് പ്രവേശനം നൽകാനും വിദൂരപഠന പരിപാടികൾ സംഘടിപ്പിക്കുന്നതിനും അക്കാഡമിക് സഹകരണത്തിനും അധികാരമുണ്ടെന്ന് പത്രക്കുറിപ്പിൽ പറയുന്നു.