കൊച്ചി: സുൽത്താൻ ബത്തേരിയിൽ യു.പി സ്കൂൾ വിദ്യാർത്ഥിനി ഷഹല ഷെറിൻ പാമ്പ് കടിയേറ്റു മരിച്ച സംഭവത്തിൽ ഹയർ സെക്കൻഡറി പ്രിൻസിപ്പലിനെ സസ്‌പെൻഡ് ചെയ്തതിൽ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മറ്റി പ്രതിഷേധിച്ചു. യു.പി. സ്‌കൂളുകളുടെ ഭരണത്തലവൻ ഹെഡ്മാസ്റ്ററാണ്. പ്രൈമറി, ഹൈസ്‌കൂൾ ഭരണത്തിലോ ദൈനംദിന പ്രവർത്തനത്തിലോ അക്കാഡമിക് കാര്യങ്ങളിലോ ചുമതലയില്ലാത്ത ഹയർ സെക്കൻഡറി പ്രിൻസിപ്പലിനെ സസ്‌പെൻഡ് ചെയ്തത് നീതീകരിക്കാനാവില്ല. ഇത് ചട്ടവിരുദ്ധമാണ്. യഥാർത്ഥ കുററവാളികളെ രക്ഷപ്പെടുത്താനും ജനരോഷത്തിൽ നിന്നും രക്ഷപ്പെടാനും സംഭവവുമായി ബന്ധമില്ലാത്തവരെ ബലിയാടാക്കുന്ന നടപടികൾ അംഗീകരിക്കില്ല. ഹൈസ്കൂൾ വരെ ക്ലാസ് മുറികളുടെ അറ്റകുറ്റപ്പണികൾ നിർവഹിക്കേണ്ട ഉത്തരവാദിത്തം ഹെഡ്മാസ്റ്റർക്കാണ്. ഏകപക്ഷീയവും പ്രതികാര മനോഭാവത്തോടെയുമുള്ള തീരുമാനത്തിൽ നിന്നു വിദ്യാഭ്യാസ വകുപ്പ് പിൻമാറണമെന്ന് അസോസിയേഷൻ സംസ്ഥാന നേതാക്കളായ എം. രാധാകൃഷ്ണൻ, ഡോ. സാബുജി വർഗീസ് എന്നിവർ ആവശ്യപ്പെട്ടു.