തിരുവൈരാണിക്കുളം : മലിനജലം ശുദ്ധീകരിച്ച് കൃഷിക്ക് ഉപയോഗിച്ച തിരുവൈരാണിക്കുളം മഹദേവ ക്ഷേത്ര ട്രസ്റ്റിന്റെ ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുത്തു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. അൻവർ സാദത്ത് എം.എൽ.എ, ട്രസ്റ്റ് ഭാരവാഹികൾ, അംഗങ്ങൾ, ഉപദേശക സമിതി അംഗങ്ങൾ, ആഘോഷ സമിതി അംഗങ്ങൾ, ക്ഷേത്ര ജീവനക്കാർ എന്നിവർ പങ്കെടുത്തു.
മഹാദേവ ക്ഷേത്രത്തിലെ പാർവതീദേവിയുടെ നടതുറപ്പ് ഉത്സവത്തോടനുബന്ധിച്ചു വിഭാവനം ചെയ്ത 'നാടിനൊപ്പം നന്മയ്‌ക്കൊപ്പം' മാലിന്യ നിർമാർജ്ജന പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിൽ നിന്നുള്ള വെള്ളം ഉപയോഗിച്ചാണ് കൃഷി നടത്തിയത്. പ്രതിദിനം 5000 ലിറ്റർ മലിനജലം സംസ്‌കരിക്കാൻ ശേഷിയുള്ളതാണ് പ്ലാന്റ്. ക്ഷേത്രത്തിലും തിരുവാതിര, ദശപുഷ്പം ഓഡിറ്റോറിയങ്ങളിലും ശൗചാലയ ബ്ലോക്കിലും അനുബന്ധ കെട്ടിടങ്ങളിലും ഉണ്ടാകുന്ന മലിനജലം മുഴുവനായി ശുദ്ധീകരിക്കാൻ കഴിയും. ശുദ്ധീകരിച്ച വെള്ളം പുനരുപയോഗിക്കുന്നതിനാണ് ക്ഷേത്രപറമ്പുകളിൽ പുരയിട ജൈവപച്ചക്കറികൃഷി ആരംഭിച്ചത്. പയർ, വെണ്ട, വഴുതന, മത്തങ്ങ, കുമ്പളങ്ങ, ചുരയ്ക്ക, ചീര, ചേന, ചേമ്പ്, കാച്ചിൽ എന്നിവയാണ് കൃഷി ചെയ്തത്.
ആദ്യ വിളവെടുപ്പിൽ ലഭിച്ച വിഷരഹിത പച്ചക്കറിക്ക് ആവശ്യക്കാർ ഏറിയതോടെ കൃഷി വിപുലമാക്കുമെന്ന് ജൈവ പച്ചക്കറി കൃഷി കൺവീനർ കെ.എ. പ്രസൂൺ അറിയിച്ചു. സീവേജ് പ്ലാന്റിലെ വെള്ളം നിരത്തുകൾ മറികടന്ന് വിവിധ കൃഷിയിടങ്ങളിലേയ്ക്ക് എത്തിക്കാൻ റോഡിനടിയിലൂടെ പൈപ്പ് സ്ഥാപിക്കാനുള്ള അനുമതിക്ക് ശ്രീമൂലനഗരം പഞ്ചായത്തിൽ അപേക്ഷ നൽകി. പൈപ്പ് ലൈൻ യാഥാർത്ഥ്യമായാൽ ശുചീകരിച്ച വെള്ളം കൃഷിക്കു പുറമേ മറ്റാവശ്യങ്ങൾക്കും കൂടുതൽ ഫലപ്രദമായി വിനിയോഗിക്കാൻ കഴിയും.