തൃക്കാക്കര: ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള സമ്പൂർണ ഉറവിടനശീകരണദിന പ്രവർത്തനങ്ങളിൽ വമ്പിച്ച ജനപങ്കാളിത്തം. ഡെങ്കിപ്പനിക്കെതിരെ ഉറവിട നശീകരണത്തിൽ എല്ലാവരുടെയും പിന്തുണയും സഹകരണവും അഭ്യർഥിച്ച് കൊണ്ടുള്ള പ്രചാരണ വാഹനത്തിന്റെ ഫ്ളാഗ്ഓഫ് തൃക്കാക്കര നഗരസഭ ആരോഗ്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഷബ്‌ന മെഹറലി നിർവഹിച്ചതോടെ പ്രവർത്തനങ്ങൾക്ക് തുടക്കമായത്. നഗരസഭാ പ്രദേശത്തെ 80 റെസിഡന്റ്സ് അസോസിയേഷനുകളുടെ നേതൃത്വത്തിൽ 25,51 വീടുകൾ ക്യാമ്പയിന്റെ ഭാഗമായി തങ്ങളുടെ വീടുകളും കടകളും ഈഡിസ് ഉറവിട മുക്‌തമാക്കി.
പ്രദേശത്തെ എല്ലാ ഡിവിഷനുകളിലും ഡെങ്കിപ്പനിക്കെതിരെയുള്ള മൈക്ക് അനൗൺസ്‌മെന്റും നോട്ടീസ് വിതരണവും നടത്തി. വീട്ടുടമസ്ഥരുടെ നേതൃത്വത്തിൽ തന്നെ അവരവരുടെ വീടും പരിസരവും ശുചിയാക്കി ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകളുടെ ഉറവിട നശീകരണം നടത്തുന്ന രീതിയിലാണ് പ്രവർത്തനങ്ങൾ നടന്നത്.
ജനപ്രതിനിധികളും ആരോഗ്യ പ്രവർത്തകരും മറ്റ് സന്നദ്ധ സംഘടനകളും പ്രവർത്തനങ്ങളുടെ ഭാഗമായി. തൃക്കാക്കര നഗരസഭ, ജില്ലാ ഭരണകൂടം, ആരോഗ്യവകുപ്പ്, കുടുംബശ്രീ, തൃക്കാക്കര റെസിഡൻസ് അസോസിയേഷനുകളുടെ കൂട്ടായ്മ ആയ ട്രാക്ക് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ഉണർവ് എന്ന പേരിൽ രണ്ടാഴ്ചക്കാലം നീണ്ട് നിന്ന ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകിയത്.ആഴ്ചയിലൊരിക്കൽ എല്ലാവരും സ്വന്തം വീടുകളിൽ കൊതുക് വളരാനിടയുള്ള സാഹചര്യങ്ങൾ ഒഴിവാക്കുന്നതിന് മുൻകൈയ്യെടുത്താൽ ഡെങ്കിപ്പനി പകരുന്നത് ഫലപ്രദമായി തടയാൻ സാധിക്കുകയും ചെയ്യും. ഉണർവ് ഒരു ദിനത്തെ പ്രവർത്തനമായി കാണാതെ തുടർച്ചയായി ചെയ്യേണ്ട ഉത്തരവാദിത്വമായി കരുതേണ്ടത് ഡെങ്കിപ്പനി പ്രതിരോധത്തിന് ആവശ്യമാണ്.