കൊച്ചി: ദേശീയ ജൂനിയർ ഫിസ്റ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ തമിഴ്‌നാട് ജേതാക്കളായി. ഏലൂർ ഫാക്ട് ടൗൺഷിപ്പ് സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ തെലുങ്കാനയെയും പെൺകുട്ടികളുടെ വിഭാഗത്തിൽ കേരളത്തെയും തോല്പിച്ചാണ് തമിഴ്‌നാട് ചാമ്പ്യൻമാരായത്.
മികച്ച താരങ്ങളായി കേരളത്തിന്റെ അനുശ്രീയും തമിഴ്‌നാടിന്റെ വിഗ്‌നേഷും തിരഞ്ഞെടുക്കപ്പെട്ടു. ആൺകുട്ടികളുടെ വിഭാഗത്തിൽ കേരളവും പെൺകുട്ടികളുടെ വിഭാഗത്തിൽ പോണ്ടിച്ചേരിയുമാണ് മൂന്നാം സ്ഥാനക്കാർ.
വിജയികൾക്ക് വി.പി. സജീന്ദ്രൻ എം.എൽ.എയും അന്തർദേശീയ ബാസ്‌ക്കറ്റ്‌ബാൾ താരം ഗീത വി. മേനോനും ട്രോഫികൾ വിതരണം ചെയ്തു.
ഫിസ്റ്റ്‌ബാൾ ഫെഡറേഷൻ ഒഫ് ഇന്ത്യ ജനറൽ സെക്രട്ടറി ടി. ബാല വിജയൻ, കേരള ഫിസ്റ്റ്‌ബാൾ അസോസിയേഷൻ പ്രസിഡന്റ് ടി.എം സക്കീർ ഹുസൈൻ, സെക്രട്ടറി സാബുപോൾ, വൈസ് പ്രസിഡന്റുമാരായ എസ്. ശാലിനി, ദീപു ജോൺ, എ.കെ. ഗംഗാധരൻ, ഷാഹുൽ ഹമീദ്, സ്‌കൂൾ മാനേജർ എൻ.ബി. സോമൻ, ഏലൂർ എസ്.ഐ രവി എന്നിവർ പങ്കെടുത്തു.