case-diary

കൊച്ചി: മൊബൈൽ വാട്സ് ആപ്പിലെ ഗ്രൂപ്പുപേര് കണ്ടാൽ കുടുംബ ഗ്രൂപ്പെന്നേ തോന്നൂ. പക്ഷേ, തുറന്ന് നോക്കിയാൽ ഞെട്ടും! മെസേജുകളും ഫോട്ടോകളുമെല്ലാം കഞ്ചാവ് ഇടപാടിനെക്കുറിച്ചും കടത്തിക്കൊണ്ടുവന്ന ലഹരിമരുന്നിനെക്കുറിച്ചുള്ള വിവരങ്ങളും. കഴിഞ്ഞ ദിവസം തൃപ്പൂണിത്തുറയിൽ രണ്ടരക്കിലോ കഞ്ചാവുമായി എക്‌സൈസ് പിടികൂടിയ ആലപ്പുഴ ഹരിപ്പാട് സ്വദേശി അനീഷ് (36) ആണ് കഞ്ചാവ് വില്പനയ്ക്കായി വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി കച്ചവടം പൊടിപൂരമാക്കിയിരുന്നത്. വില്പനയ്ക്കായി സഹായികളെ കൂട്ടാതെ ഒറ്റയ്ക്കായിരുന്നു കച്ചവടം.

ഏതറ്റത്തായാലും എത്തിക്കും
തമിഴ്‌നാട്, ഒറീസ, നോർത്ത് ഈസ്റ്റ്.. കഞ്ചാവ് എവിടെ കിട്ടുന്നോ, അനീഷ് അവിടെ എത്തിയിരിക്കും. ഇങ്ങനെ വാങ്ങുന്ന കിലോക്കണക്കിന് കഞ്ചാവ് ട്രെയിൻ മാർഗമാണ് കേരളത്തിൽ എത്തിക്കുന്നത്. തന്ത്രപരമായാണ് കടത്തെല്ലാം. കേരളത്തിൽ സുരക്ഷിതമായി എത്തിയാൽ പിന്നെ വാട്‌സ്ആപ്പ് ഓപ്പൺ ചെയ്യുകയായി. ഗ്രൂപ്പിലെ മെസേജുകൾക്ക് റിപ്ലേ നൽകലാണ് അദ്യ പണി. കിലോക്കണക്ക് കിട്ടിയാൽ പണം അക്കൗണ്ടിൽ ഇടാൻ നിർദ്ദേശം. പറഞ്ഞ സമയത്ത് പണമെത്തിയാൽ കൊണ്ടുവരുന്ന സ്ഥലം അനീഷ് അറിയിക്കും. അത് കേരളത്തിന്റെ ഏതറ്റത്തായാലും എത്തിച്ചിരിക്കും. ഈ വിശ്വാസ്യതയാണ് അനീഷിലേക്ക് ഇടനിലക്കാരെ എത്തിച്ചിരുന്നത്. വാങ്ങുന്നതിന്റെ ഇരട്ടി തുകയ്ക്കാണ് വില്പന. അഞ്ച് മാസം മുമ്പ് അഞ്ച് കിലോ കഞ്ചാവുമായി ഒരു ഇതരസംസ്ഥാനക്കാരനെ എക്‌സൈസ് പിടികൂടിയിരുന്നു. ഇയാളിൽ നിന്നാണ് അനീഷിന്റെ വാട്‌സ്ആപ്പ് കച്ചവടത്തെക്കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന് എക്‌സൈസ് ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു. കഴിഞ്ഞ ദിവസം വാട്‌സ്ആപ്പ് വഴി ഇടപാട് നടത്താൻ ഇയാൾ തൃപ്പൂണിത്തുറയിൽ എത്തുമെന്ന് വിവരം ലഭിച്ച എക്‌സൈസ് റെയിൽവേ സ്റ്റേഷനിൽ വച്ച് പിടികൂടുകയായിരുന്നു.

പൊതിക്കച്ചവടത്തിൽ തുടക്കം
ഏതാനും വർഷങ്ങൾക്ക് മുമ്പ് അനീഷ് അപകടത്തിൽപ്പെട്ടിരുന്നു. ഇതോടെ പണിക്ക് പോകാൻ കഴിയാതെയായി. സാമ്പത്തികമായി തകർന്നതോടെ ചെറിയ രീതിയിൽ കഞ്ചാവ് കച്ചവടം തുടങ്ങി. പൊതിക്കച്ചവടമായിരുന്നു ആദ്യം. ലാഭകരമായ ബസിനസായതോടെ കച്ചവടം ഇരട്ടിയാക്കി. ഒന്നരവർഷം മുമ്പ് ബസ് മാർഗം കഞ്ചാവ് കടത്തിക്കൊണ്ടുവരുന്നതിടെ ചെക്ക്‌പോസ്റ്റിൽ വച്ചാണ് അനീഷ് ആദ്യമായി പിടിയിലാകുന്നത്. ഈ കേസിൽ ജാമ്യത്തിലിറങ്ങിയെങ്കിലും കച്ചവടം തുടരുകയായിരുന്നു. ബസിൽ വച്ച് പിടിക്കപ്പെട്ടതിനാൽ പിന്നീട് കടത്തെല്ലാം ട്രെയിനിലേക്ക് മാറ്റി. അടുത്തിടെയാണ് കഞ്ചാവ് കച്ചവടം ഹൈടെക്കാക്കി ഉയർത്തിയത്. അനീഷിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അധികം ആളുകളില്ല. ഉള്ളവരെല്ലാം ഇടനിലക്കാരാണെന്നാണ് എക്സൈസ് പറയുന്നത്. വിവാഹിതനാണ് അനീഷ്. കഞ്ചാവ് കച്ചവടത്തിലേക്ക് തിരിഞ്ഞതോടെ ഭാര്യ ഉപേക്ഷിച്ചുപോയി. ഇയാളുടെ വീട്ടിൽ പരിശോധന നടത്തുമെന്ന് എക്സൈസ് പറഞ്ഞു.

aneesh
അനീഷ്

വിളിച്ചു,​ കുടങ്ങി

എക്സൈസ് കസ്റ്റഡിയിൽ ഇരിക്കെ അനീഷിന്റെ ഫോൺ നിർത്താതെ റിംഗ് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. കഞ്ചാവ് ആവശ്യപ്പെട്ടായിരുന്നു വിളിയെല്ലാം. അനീഷിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനുള്ള ശ്രമത്തിലാണ് പൊലീസ്. അറസ്റ്റിലായ ശേഷവും 'സാധനം' ആവശ്യപ്പെട്ട് വിളിച്ചവരെക്കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്. എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ബിജു വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അനീഷിനെ അറസ്റ്റ് ചെയ്തത്. പ്രിവന്റീവ് ഓഫീസർമാരായ ഇ.എൻ. സതീശൻ, സി.കെ. മധു, ടി.കെ. രതീഷ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ സതീഷ് ബാബു, ദിനീപ് പരമേശ്വരൻ, ബിജോ പി. ജോർജ്, വി.ബി. റസീന, ടി.എൻ. ശശി, സുനിൽകുമാർ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

''

അനീഷിന് കഞ്ചാവ് നൽകിയ തമിഴ്നാട് സ്വദേശിയെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്. ഇയാൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉടൻ തന്നെ പിടികൂടും.

ബിജു വർഗീസ്, റേഞ്ച് ഇൻസ്‌പെക്ടർ, എക്സൈസ്