കൊച്ചി : 37 -ാമത് അഖിലഭാരത ഭാഗവത മഹാസത്രം ഡിസംബർ 12 മുതൽ 22വരെ വെെക്കം ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടക്കും. 15 ലക്ഷത്തോളം ഭക്തർ പങ്കെടുക്കും. സത്രത്തിൽ 110 ഓളം പ്രഭാഷകരും പങ്കെടുക്കും. 27ന് രാവിലെ 10.30ന് അന്നദാന പന്തലിന് കാൽനാട്ടും. സത്രവേദിയിൽ പ്രതിഷ്ഠിക്കുന്നതിനുള്ള ശ്രീകൃഷ്ണ ഭഗവാന്റെ തങ്കവിഗ്രഹം വഹിക്കുന്ന രഥയാത്ര 28 ന് ഗുരുവായൂർ ക്ഷേത്രാങ്കണത്തിൽ നിന്ന് ആരംഭിക്കും. രാവിലെ 7 ന് ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരി ദീപം പ്രകാശിപ്പിക്കും.
ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ്, ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരി, ദേവസ്വം അഡ്മിനിസ്ട്രേറ്റർ എസ്.വി. ശിശിർ, അഖില ഭാരതസത്രസമിതി പ്രസിഡന്റ് എം.കെ. കുട്ടപ്പൻ മേനോൻ, സെക്രട്ടറി ടി.ജി. പദ്മനാഭൻ നായർ തുടങ്ങിയവർ പങ്കെടുക്കും. ചെെതന്യരഥഘോഷയാത്ര 15 ദിവസം 4 ജില്ലകളിലായി അഞ്ഞൂറോളം ക്ഷേത്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഡിസംബർ 12ന് ഉച്ചയ്ക്ക് 1ന് വെെക്കം മഹാദേവ ക്ഷേത്രത്തിലെത്തി മറ്റ് ഘോഷയാത്രകളുമായി സംഗമിക്കും. 2ന് സത്രവേദിയിലേക്ക് വാദ്യമേളങ്ങളുടേയും താലപ്പൊലികളുടേയും അകമ്പടിയോടെ പുറപ്പെടും. 4ന് യജ്ഞവേദിയിൽ വിഗ്രഹപ്രതിഷ്ഠ നടക്കും. 4.30ന് കൊടിയേറ്റ്, 5ന് സത്രസമാരംഭസഭ. എല്ലാദിവസവും അന്നദാനവും നടക്കും. വാർത്താസമ്മേളനത്തിൽ സത്രനിർവഹണ ഭാരവാഹികളായ ബി. അനിൽകുമാർ, പി.വി. അനീഷ്, രാഗേഷ്.ടി.നായർ, ടി. നന്ദകുമാർ എന്നിവർ പങ്കെടുത്തു.