കൊച്ചി: യൂറോപ്പിലടക്കം ഉയർന്ന ശമ്പളത്തോടെയുള്ള ജോലി. തുച്ഛമായ തുകയ്ക്ക് വിസയും. ആരാണ് ഇതിൽ വീഴാത്തത്. ഇങ്ങനെ അമ്പരപ്പിക്കുന്ന ഓഫറുമായാണ് തട്ടിപ്പ് വീരൻ ബിൻസ് ജേക്കബ് കൂട്ടുകാർക്കിടയിൽ വിലസിയത്. രണ്ടു മാസം കൊണ്ടു തന്നെ സുഹൃത്തിന്റെ ഭാര്യ ഉൾപ്പെടെ ആറു പേരെ വലയിൽ വീഴ്ത്തി. ഇതുവഴി പോക്കറ്രിലാക്കിയത് ഒമ്പത് ലക്ഷം രൂപ! വിദേശത്ത് ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസിൽ കഴിഞ്ഞ ദിവസമാണ് ഇടുക്കി സ്വദേശി ബിൻസ് ജേക്കബ് കൊച്ചി പാലാരിവട്ടം പൊലീസിന്റെ പിടിയിലായത്. പൊലീസിന്റെ ചോദ്യം ചെയ്യലിൽ തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ ചുരുളഴിഞ്ഞു.
ആദ്യ ഇര സുഹൃത്തിന്റെ ഭാര്യ
വിദേശത്ത് ജോലി ചെയ്യുന്ന ബന്ധുവഴി ജോലി തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം ചെയ്താണ് സുഹൃത്തിന്റെ ഭാര്യയെ ബിൻസ് ജേക്കബ് ആദ്യം സമീപിച്ചത്. ഇവർവഴി മറ്റു ചിലരെയും ബന്ധപ്പെട്ടു. ഇവരാണ് സുഹൃത്തുക്കളിൽ നിന്ന് പൈസ വാങ്ങി വിസയ്ക്കായി ഇയാൾക്ക് നൽകിയത്. കഴിഞ്ഞ സെപ്തംബറിൽ തുക അക്കൗണ്ട് വഴി കൈമാറി. എന്നാൽ, പിന്നീട് വിസ നൽകാതായതോടെ അവർ തുക തിരിച്ചു ചോദിച്ചു. ഇതോടെ ബിൻസിന്റെ സ്വഭാവം മാറി. ഭീഷണിയുടെ സ്വരമായി. സഹികെട്ട് യുവതി പൊലീസിനെ സമീപിക്കുകയായിരുന്നു. തന്റെ സുഹൃത്തുക്കളിൽ നിന്നാണ് യുവതി പണം വാങ്ങി നൽകിയത്.
ഇനിയും കണ്ണികൾ
കൂടുതൽ പേർ ബിൻസ് ജേക്കബിന്റെ തട്ടിപ്പിന് ഇരയായെന്നാണ് പൊലീസ് കരുതുന്നത്. അക്കൗണ്ടിലെത്തിയ തുക മുഴുവൻ ഇയാൾ ധൂർത്തടിക്കുകയായിരുന്നു. ഇടുക്കി, കോട്ടയം, എറണാകുളം ജില്ലയിൽ നിന്ന് ഒട്ടേറെപ്പേർ ഇയാളുടെ തട്ടിപ്പിന് ഇരയായതായി സൂചനയുണ്ട്. ഉറ്റ സുഹൃത്തുക്കളെ ഉപയോഗിച്ചും ഇയാൾ തട്ടിപ്പു നടത്തിയിട്ടുണ്ട്. നേരിട്ട് പണം വാങ്ങിയ സംഭവങ്ങളുമുണ്ട്. കേസിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പാലാരിവട്ടം പൊലീസ് അറിയിച്ചു. തട്ടിപ്പു സംഘത്തിൽ വേറെയും കണ്ണികളുണ്ടെന്നാണ് സൂചന.