chakyarkooth
ഡോ. എടനാട് രാജൻ നമ്പ്യാർകൂത്ത് അവതരണവേളയിൽ

കൊച്ചി: മഹാഭാരതത്തിലെ ഉജ്വല കഥാപാത്രമായ കർണൻ ആദ്യമായി ചാക്യാർകൂത്തിലൂടെ പുനരവതരിക്കുന്നു. കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ചാണ് കർണന്റെ ആദ്യ രംഗാവതരണം. കൂത്തിലും കൂടിയാട്ടത്തിലും ദേശീയ, അന്തർദേശീയ പുരസ്കാരങ്ങൾ നേടിയ ഡോ.എടനാട് രാജൻ നമ്പ്യാരാണ് ഡിസംബർ ഒന്നിന് വെെകിട്ട് 7 ന് എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ ചാക്യാർകൂത്തിലൂടെ കർണനെ അവതരിപ്പിക്കുന്നത് .

# കഥാസന്ദർഭം

കുരുക്ഷേത്ര യുദ്ധത്തിന് തൊട്ടുമുമ്പ് കർണനും കുന്തീദേവിയും കണ്ടുമുട്ടൽ . കർണന്റെ ജന്മ രഹസ്യം കുന്തി വെളിപ്പെടുത്തുന്നു. കർണന്റെ അവസാന നിമിഷങ്ങളിൽ ലഭിക്കുന്ന കൃഷ്ണദർശനവും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ് നമ്മൾ ഇരുവരുമെന്ന് കൃഷ്ണൻ പറയുന്നതും പ്രധാന മുഹൂർത്തങ്ങളാണ്. കർണന്റെ അവസാന ദാനവും മൃതദേഹം സംസ്കരണവും കർണ പത്നിയായ വൃഷാലിയുടെ ജീവത്യാഗവും കരുണരസത്തിന്റെ പ്രഭാവത്തിൽ രാജൻ നമ്പ്യാർ അവതരിപ്പിക്കും.

# ഡോ. എടനാട് രാജൻ നമ്പ്യാർ

7600 ഓളം വേദികളിൽ കൂത്തും പാഠകവും അവതരിപ്പിച്ചു. ഹാസ്യ രസത്തിന്റെ അഭിനയം ചാക്യാർ കൂത്തിലും കൂടിയാട്ടത്തിലും എന്ന വിഷയത്തിൽ ശ്രീശങ്കരാചാര്യ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ്. 100 ഓളം പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. മഞ്ഞപ്ര കാർപ്പിള്ളിക്കാവിനടുത്താണ് താമസം.