vasudevanpillai
ടെക്നീഷ്യന്റെ സഹായത്തോടെവാസുദേവൻപിള്ള കൃത്രിമ കാലിൽ നടക്കുന്നു

ആലുവ:മാസങ്ങൾക്ക് ശേഷം ആദ്യമായി വാക്കിംഗ് സ്റ്റിക്കില്ലാതെ ചുവട് വെച്ചപ്പോൾ ബി.എസ്.എഫ് ജവാൻ വാസുദേവൻ പിള്ളയുടെ മുഖത്ത് ശത്രുവിനെ കീഴടക്കിയ സന്തോഷം

ജില്ലാ പഞ്ചായത്തിന്റെയും സാമൂഹ്യനീതി വകുപ്പിന്റെയും സഹകരണത്തോടെ റോട്ടറി ക്ലബ് നടത്തിയ കൃത്രിമകാൽ വിതരണമാണ് കൊല്ലം പത്തനാപുരം പട്ടാഴി ഗീതാഭവനത്തിൽ കെ.എൻ. വാസുദേവൻ പിള്ളയ്ക്ക് പുതിയ ജീവിതം നൽകിയത് . 33 വർഷമായി രാജ്യത്തിന്റെ അതിർത്തി രക്ഷാസേനയിൽ ഡ്രൈവറാണ് വാസുദേവൻപിള്ള. 57കാരനായ വാസുദേവൻപിള്ളക്ക് പുതുക്കിയ സർവീസ് ചട്ടപ്രകാരം മൂന്ന് വർഷം കൂടി സർവീസുണ്ട്. രണ്ട് വർഷം മുമ്പ് ജമ്മുകാശ്മീർ യൂണിറ്റിൽ ജോലി ചെയ്യുമ്പോഴാണ് പ്രമേഹം മൂർദ്ധന്യാവസ്ഥയിലായത്. ജോലിയ്ക്കിടെ എങ്ങനെയോ കാൽ വിരലുകൾ പൊട്ടി. കടുത്ത മഞ്ഞ്. പൊട്ടൽ ഉണങ്ങിയില്ല. ജോലിസ്ഥലത്ത് വിവിധ ആശുപത്രിയിൽ ചികിത്സിച്ചിട്ടും ഫലമുണ്ടായില്ല.

ഒന്നര വർഷം മുമ്പ് മെഡിക്കൽ അവധിയെടുത്ത് നാട്ടിലെത്തി. വിവിധ ആശുപത്രികളിൽ ചികിത്സിച്ചു. ആദ്യം വിരലുകൾ മുറിച്ചുമാറ്റി. നിർവാഹമില്ലെന്നായപ്പോൾ ആറ് മാസം മുമ്പ് മുട്ടിന് താഴെ മുറിച്ചുനീക്കി. ആറ് മാസത്തിന് ശേഷമെ കൃത്രിമ കാൽ ഘടിപ്പിക്കാനാകു. അതുവരെ വാക്കിംഗ് സ്റ്റിക്കായിരുന്നു സഹായം. ഒരു മാസം മുമ്പ് കൊല്ലത്ത് റോട്ടറി ക്ളബ് സംഘടിപ്പിച്ച ക്യാമ്പിലും വാസുദേവൻപിള്ള പങ്കെടുത്തു. കാലിൽ നേരിയ വളവുണ്ടായതിനാൽ അന്ന് കൃത്രിമകാൽ ലഭിച്ചില്ല. തുടർന്നാണ് ആലുവ ക്യാമ്പിലെത്തിയത്. നവംബർ 30ന് ബി.എസ്.എഫിലെ മെഡിക്കൽ അവധി അവസാനിക്കും. ദീർഘിപ്പിക്കുന്നതിന് അപേക്ഷ നൽകിയിട്ടുണ്ട്.

റോട്ടറി ജയ് പൂർ ലിംബ് യു.കെയുടെ സാമ്പത്തിക സഹായത്തോടെയാണ് ക്യാമ്പ്. ചെന്നൈ ഒലി ഇന്ത്യ കമ്പനിയുടെ മുഖ്യ ടെക്നീഷ്യൻ തുളസിദാസിന്റെ നേതൃത്വത്തിൽ ആവശ്യക്കാരുടെ അളവിനനുസരിച്ചാണ് ക്യാമ്പ് സൈറ്റിൽ കൃത്രിമ കാൽ നിർമ്മിക്കുന്നത്. ഒന്നിന് 12,000 രൂപ മുതൽ 22,000 വരെ വിലയുണ്ട്. പത്ത് ദിവസം നീണ്ടുനിന്ന ക്യാമ്പിൽ ഇന്നലെയാണ് വിതരണം ആരംഭിച്ചത്. വിവിധ ജില്ലകളിൽ നിന്നെത്തിയ 300 അപേക്ഷകരിൽ 150 പേരെ തിരഞ്ഞെടുത്തു. 28ന് സമാപിക്കും

.കൃത്രിമ കാൽ വില 12,000 മുതൽ 22,000 രൂപവരെ