വൈപ്പിൻ: എളങ്കുന്നപ്പുഴ വേലൻ തോടിന്റെ ആഴം വർദ്ധിപ്പിക്കൽ ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റസിയ ജമാൽ, അംഗങ്ങളായ സി.ജി. ബിജു, ആലീസ് സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.

തോടിന്റെ ഇരുകരകളിലും കൈയേറ്റം നടത്തിയും മാലിന്യങ്ങൾ നിറഞ്ഞും തോട്ടിലെ നീരൊഴുക്ക് തടസപ്പെട്ടിരുന്നു. ഇതേത്തുടർന്ന് പഞ്ചായത്തിന്റെ കിഴക്കൻ മേഖല മുഴുവൻ രൂക്ഷമായ വെള്ളക്കെട്ടിലായതിനെത്തുടർന്ന് തോടിന്റെ ആഴം വർദ്ധിപ്പിക്കണമെന്ന മുറവിളി ഉയർന്നിരുന്നു. പഞ്ചായത്ത് അംഗങ്ങളായ സി.ജി. ബിജു, രസികല, ആലീസ്, റസിയ ജമാൽ എന്നിവർ മുൻകൈയെടുത്ത് ഇതിനാവശ്യമായ 25 ലക്ഷം രൂപയുടെ ഫണ്ട് ഇറിഗേഷൻ വകുപ്പിനെക്കൊണ്ട് അനുവദിപ്പിച്ചു. മാലിപ്പുറം ബന്ദർകനാൽ മുതൽ പെരുമ്പിള്ളി തോട് വരെ 2.3കി.മീ ദൂരമാണ് ഇപ്പോൾ ആഴം വർദ്ധിപ്പിക്കുന്നത്.
താലൂക്ക് സർവേയറെ കൊണ്ട് അളപ്പിച്ച് തോടിന്റെ കൈയംറ്റങ്ങൾ ഒഴിപ്പിക്കുന്നതിനുള്ള നടപടിയും തുടങ്ങിയിട്ടുണ്ട്. എളങ്കുന്നപ്പുഴ-ഞാറക്കൽ അതിർത്തിയിൽ വേലൻതോട്ടിൽ സ്ഥാപിച്ചിട്ടുള്ള പൈപ്പ് മാറ്റി കലുങ്ക് നിർമ്മിക്കുകയും താഴ്ന്നുകിടക്കുന്ന മറ്റ് കലുങ്കുകൾ ഉയർത്തുകയും ചെയ്താലേ വേലൻതോട്ടിലെ നീരൊഴുക്ക് സുഗമമാകുകയുള്ളുവെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു.