കാലടി: പഞ്ചവാദ്യ ആസ്വാദന സമിതിയുടെ 23-ാമത് പഞ്ചവാദ്യോത്സവം കാലടി ശ്രീകൃഷ്ണസ്വാമി ക്ഷേത്ര തിരുമുറ്റത്ത് വാദ്യപ്പെരുമഴ തീർത്തു. വൈകിട്ട് ആറോടെ ക്ഷേത്രമുറ്റത്ത് കേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള പഞ്ചവാദ്യ ആസ്വാദകർ എത്തിച്ചേർന്നു. രണ്ട് മണിക്കൂർ നീണ്ടുനിന്ന പഞ്ചവാദ്യത്തിൽ ചോറ്റാനിക്കര വിജയൻമാരാരുടെ പ്രാമാണികത്വത്തിലാണ് പതികാലം കൊട്ടിക്കയറിയത്. കുനിശ്ശേരി ചന്ദ്രൻ, തിച്ചൂർ മോഹനൻ, മച്ചാട് മണികണ്ഠൻ, പാഞ്ഞാർ വേലുക്കുട്ടി, മറ്റൂർ മണി എന്നിവർ മുൻനിര താളം തീർത്തു.
പെരുവനം സതീശൻ, ചോറ്റാനിക്കര സുഭാഷ്, കുഴൂർ ബാലൻ, കലാമണ്ഡലം അനന്തകൃഷ്ണൻ, പേരാമംഗലം രാമചന്ദ്രൻ എന്നിവരെ സമിതി ആദരിച്ചു. ഓരോ പവൻ സ്വർണമായിരുന്നു പുരസ്കാരം. ക്ഷേത്രം മാനേജിംഗ് ട്രസ്റ്റി ശ്രീകുമാർ നമ്പൂതിരി കലാകാരന്മാരെ ആദരിച്ചു.