കൊച്ചി : മരടിൽ തീര പരിപാലന നിയമം ലംഘിച്ച് ഫ്ളാറ്റ് നിർമ്മിച്ചു വിറ്റ കേസിൽ ഒന്നാം പ്രതി ഹോളി ഫെയ്‌ത്ത് ബിൽഡേഴ്സ് എം.ഡി സാനി ഫ്രാൻസിസ്, മൂന്നാം പ്രതി മരട് പഞ്ചായത്ത് മുൻ ജൂനിയർ സൂപ്രണ്ട് പി.ഇ. ജോസഫ് എന്നിവർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആൾ ജാമ്യവുമാണ് മുഖ്യ വ്യവസ്ഥ. പാസ്‌പോർട്ട് ഉണ്ടെങ്കിൽ ഒരാഴ്‌ചയ്‌ക്കകം കോടതിയിൽ ഹാജരാക്കണം. ഇല്ലെങ്കിൽ അക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം നൽകണം. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഹാജരാകണം, കുറ്റപത്രം നൽകുന്നതുവരെ അന്വേഷണ ഉദ്യോഗസ്ഥനെ അറിയിക്കാതെ കേരളത്തിനു പുറത്തുപോകരുത്, അന്വേഷണത്തിൽ ഇടപെടരുത്, പരാതിക്കാരെയും സാക്ഷികളെയും സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ ശ്രമിക്കരുത് എന്നിവയാണ് മറ്റു വ്യവസ്ഥകൾ.
മരടിൽ തീരപരിപാലന നിയമം ലംഘിച്ചു നിർമ്മിച്ച ഫ്ളാറ്റുകൾ പൊളിച്ചുകളയണമെന്ന സുപ്രീംകോടതി വിധിയെത്തുടർന്നാണ് പ്രതികൾക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്. അനധികൃതമായി നിർമ്മിച്ച ഫ്ളാറ്റുകൾ വിറ്റ് തട്ടിപ്പുനടത്തിയെന്ന പരാതിയെത്തുടർന്ന് രജിസ്റ്റർചെയ്ത കേസിൽ ഒക്ടോബർ 15 നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അന്നുമുതൽ റിമാൻഡിലാണ്. 51 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി. കേസിലെ നാലാം പ്രതി കീഴടങ്ങുകയും ചെയ്തു.
പ്രതികൾ നിയമത്തിന്റെ പിടിയിൽനിന്ന് രക്ഷപ്പെടുമെന്ന് പ്രോസിക്യൂഷനു പരാതി ഇല്ലെന്നും അന്വേഷണം നിർണായക ഘട്ടത്തിലാണെന്ന് അന്വേഷണസംഘം സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നില്ലെന്നും സിംഗിൾബെഞ്ച് വിലയിരുത്തി. പി.ഇ. ജോസഫ് ഇപ്പോൾ സർവീസിലില്ല. ആ നിലയ്ക്ക് കേസിലെ രേഖകൾ നശിപ്പിക്കുമെന്ന ആശങ്കയില്ല. ഇതിനാൽ പ്രതികൾ കസ്റ്റഡിയിൽ തുടരേണ്ട സാഹചര്യമില്ലെന്നും സിംഗിൾബെഞ്ചിന്റെ വിധിയിൽ പറയുന്നു.
മരടിൽ നിർമ്മിച്ച ഫ്ളാറ്റുകൾ തീരനിയന്ത്രണ മേഖലയിലല്ലെന്നാണ് വിശ്വസിക്കുന്നതെന്നും നിർമ്മാണത്തിനു വിലക്ക് ഉണ്ടായിരുന്നില്ലെന്നും സാനിഫ്രാൻസിന്റെ അഭിഭാഷകൻ വാദിച്ചു. നിർമ്മാണം നടക്കുന്ന കാലത്ത് പഞ്ചായത്തിന് ഇങ്ങനെയൊരു പരാതി ഇല്ലായിരുന്നെന്നും സാധുവായ പെർമിറ്റാണ് നൽകിയതെന്നും ഹർജിക്കാരൻ വ്യക്തമാക്കി. ലംഘനം ഉണ്ടെങ്കിൽത്തന്നെ കുറ്റം ചുമത്താൻ തക്കതായ വീഴ്ചയില്ലെന്നും ഹർജിക്കാരൻ വാദിച്ചു. പെർമിറ്റ് നൽകുന്നതിൽ ഇടപെട്ടിരുന്നില്ലെന്നും കുറഞ്ഞൊരുകാലം പഞ്ചായത്ത് സെക്രട്ടറിയുടെ ചുമതല വഹിച്ചതേയുള്ളൂവെന്നുമായിരുന്നു പി.ഇ. ജോസഫിന്റെ വാദം.