auto
എറണാകുളം അങ്കമാലിയിൽ സ്വകാര്യ ബസിനടിയിൽപ്പെട്ട് തകർന്ന ആട്ടോറിക്ഷ

അങ്കമാലി: അമ്മയുടെ ഓർമ്മദിവസം അങ്കമാലി ബസലിക്ക പള്ളിയിൽ കുർബാനയ്‌ക്ക് പോയ രണ്ട് സഹോദരിമാരും സഹോദര ഭാര്യയും സഞ്ചരിച്ചിരുന്ന ആട്ടോറിക്ഷയിൽ സ്വകാര്യ ബസിടിച്ച് ആട്ടോഡ്രൈവറുൾപ്പെടെ നാലുപേർക്ക് ദാരുണാന്ത്യം. സഹോദരിമാരായ അങ്കമാലി മാമ്പ്ര കിടങ്ങേൻ വീട്ടിൽ മത്തായിയുടെ ഭാര്യ മേരിമത്തായി (65), മൂക്കന്നൂർ കൂട്ടാല കൈപ്രമ്പാട്ട് വീട്ടിൽ തോമസിന്റെ ഭാര്യ റോസി (50), ഇവരുടെ സഹോദരന്റെ ഭാര്യ അങ്കമാലി കല്ലുപാലം പാറയ്‌ക്ക വീട്ടിൽ പരേതനായ ജോർജിന്റെ ഭാര്യ മേരി ജോർജ് (58), ആട്ടോ ഡ്രൈവർ അങ്കമാലി മങ്ങാട്ടുകര പനങ്ങാട്ടുപറമ്പിൽ വീട്ടിൽ ഔസേഫിന്റെ മകൻ ജോസഫ് (58) എന്നിവരാണ് മരിച്ചത്. നാലുപേരും സംഭവസ്ഥലത്തു തന്നെ മരിച്ചു.

ദേശീയപാതയിൽ അങ്കമാലി ബാങ്ക് ജംഗ്ഷന് സമീപം ഇന്നലെ രാവിലെ ഏഴിനായിരുന്നു അപകടം. അങ്കമാലി മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ നിന്ന് മൂക്കന്നൂർ മഞ്ഞിക്കാടിലേക്ക് പോയ ഏയ്ഞ്ചൽ ബസാണ് അപകടമുണ്ടാക്കിയത്. അങ്കമാലി ടൗൺ കപ്പേളയിലെ തിരുനാളിൽ പങ്കെടുക്കാൻ മേരി മത്തായിയും റോസിയും ഞായറാഴ്‌ചയാണ് കല്ലുപാലത്തുള്ള തറവാട്ട് വീട്ടിലെത്തിയത്. മേരി ജോർജും കുടുംബവുമാണ് ഇവിടെ താമസിക്കുന്നത്.

രാവിലെ പള്ളിയിൽ പോകാൻ റോഡിലെത്തിയ ഇവർ അതുവഴി വന്ന ആട്ടോറിക്ഷയിൽ കയറുകയായിരുന്നു. പള്ളിയിലേക്ക് പോകുന്നതിന് ബാങ്ക് ജംഗ്ഷനിലെ യൂടേൺ തിരിഞ്ഞ ആട്ടോറിക്ഷയിൽ റോഡിന്റെ ഇടത് വശത്തുകൂടി അമിത വേഗതയിലെത്തിയ ബസ് ഇടിക്കുകയായിരുന്നു. അടിയിൽപ്പെട്ട ആട്ടോറിക്ഷയെ ബസ് കുറച്ചുദൂരം വലിച്ചുകൊണ്ടുപോയി. റോഡിന്റെ ഇടതുഭാഗത്തെ വ്യാപാര സ്ഥാപനങ്ങളിലേക്ക് ഇടിച്ചുകയറിയാണ് ബസ് നിന്നത്. ബസ് ജീവനക്കാർ ഓടി രക്ഷപെട്ടു.

നാട്ടുകാർ ഓടിക്കൂടി രക്ഷാപ്രവർത്തനം തുടങ്ങിയെങ്കിലും തകർന്ന് ബസിനടിയിൽ കുരുങ്ങിയ ആട്ടോയിലുള്ളവരെ പുറത്തെടുക്കാനായില്ല. ഫയർഫോഴ്സും പൊലീസുമെത്തി ഏറെ പണിപ്പെട്ടെങ്കിലും വിജയിച്ചില്ല. ഒടുവിൽ ക്രെയിനുപയോഗിച്ച് ബസ് ഉയർത്തി മാറ്റിയശേഷമാണ് നാലുപേരെയും പുറത്തെടുത്തത്. അപകടത്തെത്തുടന്ന് ദേശീയപാതയിൽ ഒരുമണിക്കൂറോളം ഗതാഗതം മുടങ്ങി. നാലുപേരുടെയും മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്കരിച്ചു.

സിലിയാണ്‌ ജോസഫിന്റെ ഭാര്യ. മക്കൾ: ജോബി, ജോജി. മേരിമത്തായിയുടെ മക്കൾ: ജെയ്‌സൺ, ജിജു, ജിൻസി. മരുമക്കൾ: സുനിത, റെജി. മേരി. ജോർജിന്റെ മക്കൾ: അനു, അരുൺ. മരുമക്കൾ: ജിത്തു, ജൂലി. രഞ്ജു, അഞ്ജു എന്നിവരാണ് റോസി തോമസിന്റെ മക്കൾ. മരുമകൻ: സിജു.