പള്ളുരുത്തി: പടിഞ്ഞാറൻ കൊച്ചിയിലെ കായലുകളിൽ വൻതോതിൽ രാസമാലിന്യം കലർന്ന വെള്ളം ഐസ് കമ്പനികൾ വഴി പുറത്ത് വിടുന്നതോടെ കായൽ മത്സ്യങ്ങൾ ചത്തൊടുങ്ങി. ഇതോടെ ആയിരക്കണക്കിന് പരമ്പരാഗത മത്സ്യതൊഴിലാളികൾ പട്ടിണിയിലായ സ്ഥിതിയാണ്. കഴിഞ്ഞവർഷവും ഇത്തരത്തിൽ സംഭവങ്ങൾ ഉണ്ടായിട്ടും അധികാരികൾ കമ്പനികൾക്ക് നേരെ നടപടികൾ സ്വീകരിച്ചില്ലെന്നാണ് മത്സ്യതൊഴിലാളികൾ പറയുന്നത്. ഇതു മൂലം ചെല്ലാനം പഞ്ചായത്തിലെ പൊക്കാളി പാടങ്ങളിലും മത്സ്യദുരന്തം സംഭവിച്ചിരിക്കുകയാണ്. നടപടികൾ സ്വീകരിക്കാത്ത പക്ഷം സമര പരിപാടികൾക്ക് രൂപം കൊടുക്കുമെന്ന് തൊഴിലാളികൾ മുന്നറിയിപ്പ് നൽകി. എന്നാൽ കുമ്പളങ്ങി പഞ്ചായത്ത് വിളിച്ച് ചേർത്ത കമ്പനി ഉടമസ്ഥരുടെ യോഗത്തിൽ രാസമാലിന്യങ്ങൾ കായലിലേക്ക് വിടില്ലെന്ന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ കരാർ ലംഘനം നടത്തിയ കമ്പനികൾക്ക് അടുത്ത വർഷം ലൈസൻസ് പുതുക്കി നൽകില്ലെന്നാണ് പഞ്ചായത്ത് അധികാരികൾ പറയുന്നത്. വേമ്പനാട്ട് കായലുകളിൽ രാസമാലിന്യം കൂടാതെ അറവ് മാലിന്യങ്ങളും, കക്കൂസ് മാലിന്യങ്ങളും ഇരുട്ടിന്റെ മറവിൽ തട്ടുന്നതുമൂലം കായൽ ഇല്ലാതാവുകയും മത്സ്യസമ്പത്ത് പൂർണമായും ഇല്ലാതാകുന്ന സ്ഥിതിയാണ്. ഇതിന്റെ ദുർഗന്ധം രാവിലെ നടക്കാൻ ഇറങ്ങുന്ന നൂറ് കണക്കിനാളുകൾക്കും ദുരിതമായിരിക്കുകയാണ്. അവശിഷ്ടക്കാൻ ഭക്ഷിക്കാൻ നിരവധി തെരുവ് നായ്ക്കളും ഇവിടെ എത്തുന്നത് ജനങ്ങളെ ബുദ്ധിമുട്ടിലാഴ്ത്തുന്നു .
അറവ് മാലിന്യങ്ങളും
തോപ്പുംപടി, പെരുമ്പടപ്പ്, ഇടക്കൊച്ചി, കുമ്പളം തുടങ്ങിയ സ്ഥലങ്ങളിലാണ് വ്യാപകമായി കോഴി മാലിന്യവും ആട്, പോത്ത്, പന്നി എന്നിവയുടെ മാലിന്യങ്ങൾ തള്ളുന്നത്. പുലർച്ചെ ബൈക്കിൽ എത്തുന്ന സംഘം പാലത്തിന്റെ ഇരുമ്പ് കമ്പിയുടെ വിടവിലൂടെയാണ് രക്തക്കറയോട് കൂടിയ മാലിന്യം തള്ളുന്നത്.
പ്രശ്നം രാസമാലിന്യം
കണ്ണമാലി, ചെല്ലാനം, കുതിരക്കൂർ കരി, നമ്പ്യാപുരം, കുമ്പളം തുടങ്ങിയ സ്ഥലങ്ങളിലെ കമ്പനികളിൽ നിന്നാണ് രാസമാലിന്യം വൻതോതിൽ പുറത്ത് വരുന്നത്.