amgmal
അപകടം

അങ്കമാലി: അമ്മയുടെ ഓർമ്മ ദിവസം പള്ളിയിൽ കുർബാനയ്‌ക്കുള്ള യാത്രയ്ക്കിടെയാണ് രണ്ടു പെൺമക്കളുടെയും മരുമകളുടെയും ജീവൻ പൊലിഞ്ഞത്. ഞായറാഴ്ചയാണ് മാമ്പ്രയിൽ നിന്ന് മേരി മത്തായിയും മൂക്കന്നൂരിൽ നിന്ന് സഹോദരി റോസിയും കല്ലുപാലത്തിലുള്ള സഹോദരൻ പരേതനായ ജോർജിന്റെ വീട്ടിലെത്തിയത്. ഞായറാഴ്ച വൈകിട്ട് ടൗൺ കപ്പേളയിലെ പെരുനാൾ പ്രദക്ഷിണത്തിൽ മേരി മത്തായിയും റോസിയും ജോർജിന്റെ ഭാര്യ മേരിയും പങ്കെടുത്തിരുന്നു.

ഇന്നലെ രാവിലെ ഏഴിനുള്ള കുർബാനയ്ക്കായി വീട്ടിൽ നിന്നിറങ്ങിയ മൂവരും കല്ലൂപാലം റോഡിൽ നിന്ന് യാത്രക്കാരെ ഇറക്കി വന്ന ആട്ടോയിൽ കയറുകയായിരുന്നു. ആട്ടോ ബാങ്ക് ജംഗ്ഷനിൽ നിന്ന് പള്ളിയിലേക്ക് തിരിയുന്നിടത്തായിരുന്നു അപകടം. അങ്കമാലി താലൂക്ക് ആശുപത്രിയിലെത്തിച്ച മൃതദേഹങ്ങൾ എട്ടരയോടെയാണ് തിരിച്ചറിഞ്ഞത്. മരിച്ച മൂവരും കൂലിവേലക്കാരാണ്. മൂവരുടെയും മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനുശേഷം അങ്കമാലി കല്ലുപാലം കവലയിൽ എത്തിച്ച ശേഷമാണ് അവരവരുടെ വീടുകളിലേക്ക് കൊണ്ടുപോയി സംസ്കാരം നടത്തിയത്.
റോസി കുടുംബത്തിന്റെ ഏക ആശ്രയമാണ്. ഇവർ കൂലിപ്പണിക്ക് പോയാണ് കുടുംബം പുലർത്തിയിരുന്നത്. ഭർത്താവ് രോഗത്തെത്തുടർന്ന് കിടപ്പിലാണ്. മകളുടെ വിവാഹംകഴിഞ്ഞു. ഏകമകൻ ഭിന്ന ശേഷിക്കാരനാണ്. മരിച്ച ആട്ടോഡ്രൈവർ ജോസഫിന്റെ വരുമാനം കൊണ്ടാണ് കുടുംബം കഴിഞ്ഞിരുന്നത്. 48-ാം വയസിലാണ് ജോസഫ് വിവാഹിതനായത്. ഭാര്യ സിലി ഭിന്നശേഷിക്കാരിയാണ്. എട്ടും ഒന്നും വയസുള്ള രണ്ട് മക്കളുണ്ട്.