തിരുവനന്തപുരം: ജർമ്മൻ ആഡംബര കാർ നിർമ്മാതാക്കളായ ഒൗഡി തിരുവനന്തപുരത്ത് അത്യാധുനിക സർവീസ് സെന്റർ ആരംഭിച്ചു. 'വർക്ക്ഷോപ്പ് ഫസ്റ്റ്' എന്ന ഒൗഡിയുടെ നയത്തിന്റെ ഭാഗമായുള്ള ഇന്ത്യയിലെ നാലാമത്തെ സർവീസ് സെന്ററാണിത്.
16,000 ചതുരശ്ര അടി വിസ്തീർണത്തിൽ 13 കവേർഡ് ബേകൾ അടക്കം അത്യാധുനികമായ ബോഡി ഷോപ്പ് സൗകര്യങ്ങൾ അതിവിശാലമായ സർവീസ് സെന്ററിൽ ഉണ്ട്.
കേരളം പോലുള്ള വിപണി കമ്പനിക്ക് സുപ്രധാനമാണെന്ന് ഒൗഡി ഇന്ത്യ മേധാവി ബൽബീർസിംഗ് ധില്ലൻ പറഞ്ഞു. മികവുറ്റ വിൽപ്പനാനന്തര സേവനം ഉറപ്പാക്കി ഉപഭോക്താക്കളുടെ വിശ്വാസം പിടിച്ചുപറ്റുന്ന പ്രവർത്തനങ്ങളുമായി മുന്നേറുമെന്ന് ഒൗഡി തിരുവനന്തപുരം പ്രിൻസിപ്പൽ ഡീലർ മിതേഷ് പട്ടേൽ പറഞ്ഞു.
ആദ്യം വർക്ക് ഷോപ്പ് സ്ഥാപിക്കുകയും പിന്നീട് സർവീസ് സെന്റർ തുറക്കുകയും ചെയ്യുന്നതാണ് ഒൗഡിയുടെ വർക്ക്ഷോപ്പ് ഫസ്റ്റ് എന്ന നയം. കേരളത്തിലെ മൂന്നാമത്തെ ഒൗഡി സർവീസ് സെന്ററാണിത്. കൊച്ചിയിലും കോഴിക്കോടുമാണ് മറ്റുള്ളവ.
ലോകോത്തര സെന്ററാണ് തിരുവനന്തപുരത്തേത്. ഒറ്റ ദിവസത്തെ ഷിഫ്റ്റിൽ 26 കാറുകൾ സർവീസ് ചെയ്യാം. അതിവിദഗ്ദ്ധ പരിശീലനം ലഭിച്ചവരാണ് ടെക്നീഷ്യന്മാർ.
എൻ.എച്ച് 47ൽ തോന്നക്കൽ ലൈഫ് സയൻസ് പാർക്കിന് എതിർവശത്താണ് ഒൗഡിയുടെ പുതിയ സർവീസ് സെന്റർ.