കൊച്ചി: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഫോർവേഡ് ബ്ലോക്ക് ഒപ്പുശേഖരണം നടത്തി. ഫോർവേഡ് ബ്ലോക്ക് സംസ്ഥാന സെക്രട്ടറി അഡ്വ. കൈപ്പുഴ വി. റാം മോഹൻ ഉദ്ഘാടനം ചെയ്തു. സമരസമിതി ജനറൽ കൺവീനർ ടി.ആർ. ദേവൻ അദ്ധ്യക്ഷത വഹിച്ചു. കെ.എ. സാംസൺ, നാസിർ മനയിൽ എന്നിവർ സംസാരിച്ചു. 28 ന് (വ്യാഴം) രാവിലെ പത്ത് മുതൽ ബസ് സ്റ്റാൻഡിന് മുന്നിൽ ധർണ നടത്തും. ദേശീയ സെക്രട്ടറി ജി. ദേവരാജൻ ഉദ്ഘാടനം ചെയ്യും. 30 ന് സർക്കാരിന് ഭീമ ഹർജി നൽകും. പ്രക്ഷോഭത്തിന് ശേഷവും സ്റ്റാൻഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ നടപടി സ്വീകരിക്കുന്നില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും ടി.ആർ. ദേവൻ പറഞ്ഞു. 1.93 ഏക്കർ സ്ഥലം ഉണ്ടായിട്ടും മെട്രോ നഗരമായ കൊച്ചിയിലെ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന്റെ സ്ഥിതി ദയനീയമാണ്.
ബഹുജന പ്രക്ഷോഭത്തിലേക്ക്
പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ വേണ്ടത്ര സൗകര്യമില്ല. പൊലീസ് എയിഡ് പോസ്റ്റിൽ ആളില്ല . ചെറിയ മഴ പെയ്താൽ പോലും സ്റ്റാൻഡ് വെള്ളത്തിലാകും. ആയിരക്കണക്കിന് യാത്രക്കാർ വന്നുപോകുന്ന കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന്റെ നവീകരണത്തിൽ അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് ശക്തമായ ബഹുജന പ്രക്ഷോഭത്തിനാണ് തുടക്കമിടുന്നതെന്ന് ടി.ആർ. ദേവൻ പറഞ്ഞു.