പറവൂർ : ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഇന്നും നാളെയുമായി പറവൂർ ടൗൺഹാളിൽ നടക്കും. വാഹന പ്രചരണ റാലി പറവൂർ ട്രാഫിക് സബ് ഇൻസ്പെക്ടർ സി.എൻ.വിനയകുമാർ ഫ്ലാഗ് ഓഫ് ചെയ്തു. മുൻസിപ്പൽ ടൗൺ ഹാളിൽ നിന്ന് ആരംഭിച്ച് മൂത്തകുന്നം, ചേന്ദമംഗലം, കരുമാലൂർ, വരാപ്പുഴ ചെറിയപ്പിള്ളി എന്നിവടങ്ങളിൽ സ്വീകരണങ്ങൾക്കു ശേഷം സമ്മേളന നഗരിയിൽ വച്ച് പതാക ജില്ലാ സെക്രട്ടറി റോണി അഗസ്റ്റിൻ ഏറ്റുവാങ്ങി. ഇന്ന് രാവിലെ ഒമ്പതിന് ജില്ലാ പ്രസിഡന്റ് ഷാജോ ആലുക്കൽ പതാക ഉയർത്തും. പത്തിന് ട്രേഡ് ഫെയർ സംസ്ഥാന വൈസ് പ്രസിഡന്റ് ബിനോയ് കള്ളാട്ടുകുഴിയും പത്തരയ്ക്ക് ഫോട്ടോ പ്രദർശനം സംസ്ഥാന വെൽഫെയർ ബോർഡ് ചെയർമാൻ ജോസ് മുണ്ടക്കലും പതിനൊന്നരയ്ക്ക് നഗരത്തിൽ നടക്കുന്ന പ്രകടനം സംസ്ഥാന സെക്രട്ടറി സജീർ ചെങ്ങമനാടും ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് രണ്ടരയ്ക്ക് പൊതുസമ്മേളനം വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ഷാജോ ആലുക്കൽ അധ്യക്ഷത വഹിക്കും. നാളെ രാവിലെ ഒമ്പതരയ്ക്ക് പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ജോയ് ഗ്രേയ്സ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ഷാജോ ആലുക്കൽ അദ്ധ്യക്ഷത വഹിക്കും. പതിനാല് മേഖലകളിൽ നിന്നുള്ള 2000 അംഗങ്ങൾ സമ്മേളനത്തിൽ പങ്കെടുക്കും.