കൊച്ചി : ടെലിഗ്രാം മൊബൈൽ ആപ്ളിക്കേഷൻ ക്രിമിനലുകളുടെ സുരക്ഷിത താവളമായി മാറിയെന്ന് പൊലീസ് ഹൈക്കോടതിയിൽ ബോധിപ്പിച്ചു.ടെലിഗ്രാം ആപ്പ് നിരോധിക്കണെമന്നാവശ്യപ്പെട്ട് കോഴിക്കോട് സ്വദേശി അഥീന സോളമൻ നൽകിയ ഹർജിയിലാണ് ഇക്കാര്യം വ്യക്തമാക്കി സൈബർഡോം ഒാപ്പറേഷൻ ഒാഫീസർ എ. ശ്യാം കുമാർ സത്യവാങ്മൂലം നൽകിയത്. ക്രിമിനൽ കേസുകളിൽ പൊലീസ് ആവശ്യപ്പെട്ടാൽ വിവരം നൽകാൻ ആപ്ളിക്കേഷനുകളെ ബാദ്ധ്യസ്ഥരാക്കുന്ന നടപടി അനിവാര്യമാണെന്നും പൊലീസ് നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. വാട്ട്സ് അപ്പ് പോലെയുള്ള മെസേജിംഗ് ആപ്ളിക്കേഷനുകൾ മൊബൈൽ നമ്പർ ഉപയോഗിച്ചാണ് രജിസ്റ്റർ ചെയ്യുന്നത്. എന്നാൽ ടെലിഗ്രാമിൽ യൂസർനെയിമാണ് വേണ്ടത്. ഇതു മൂലം ഉപഭോക്താവിന് രഹസ്യമായിരിക്കാൻ കഴിയും ഗ്രൂപ്പ്, ചാനൽ അഡ്മിനുകളിൽ നിന്നുപോലും നമ്പർ മറച്ചുവെക്കാൻ ഇവർക്ക് കഴിയും. അശ്ളീല വീഡിയോകളും സിനിമകളുമൊക്കെ പിടിക്കപ്പെടാതെ പങ്കുവെക്കാൻ ഇൗ ആപ്ളിക്കേഷനിലൂടെ കഴിയുന്നു. ഫേസ് ബുക്ക് മെസഞ്ചർ, വാട്ട്സ് അപ്പ് തുടങ്ങിയവപോലെ പൊലീസുമായി സഹകരിക്കുന്നില്ല. സെർവറുകൾ ഇന്ത്യക്ക് പുറത്താണ് പോസ്റ്റ് ചെയ്തിട്ടുള്ളത്. ടെലിഗ്രാം ഇതുവരെ ഒരു ഉപഭോക്താവിന്റെയും വിവരങ്ങൾ പൊലീസിന് നൽകിയിട്ടില്ലെന്നും സത്യവാങ്മൂലത്തിൽ പറഞ്ഞു.