ആലുവ: ആലുവ താലൂക്ക് വികസന സമിതിയിൽ കോൺഗ്രസ് നേതാക്കളായ ലത്തീഫ് പൂഴിത്തറയും ജോയി പാലാട്ടിയും അംഗങ്ങളായി. കോൺഗ്രസ് പ്രതിനിധി എന്ന നിലയിലാണ് ഡി.സി.സി അംഗമായ ജോയി പാലാട്ടി അംഗമായതെങ്കിൽ ബെന്നി ബെഹനാൻ എം.പിയുടെ നോമിനിയായാണ് യു.ഡി.എഫ് ആലുവ നിയോജക മണ്ഡലം ചെയർമാൻ ലത്തീഫ് പൂഴിത്തറ എത്തുന്നത്.
കോൺഗ്രസ് പ്രതിനിധിയായിരുന്ന എൻ.എം. ജമാൽ മരിച്ചതിനെ തുടർന്നുണ്ടായ ഒഴിവിലാണ് ജോയി പാലാട്ടിയുടെ നിയമനം. ആലുവ ബ്‌ളോക്ക് വൈസ് പ്രസിഡന്റ് ആനന്ദ് ജോർജ് ഉൾപ്പെടെയുള്ളവർ രംഗത്തുണ്ടായിരുന്നെങ്കിലും ജോയി പാലാട്ടിക്കാണ് നറുക്ക് വീണത്. ഡി.സി.സി പ്രസിഡന്റ് ടി.ജെ. വിനോദ് ജോയി പാലാട്ടിയെയാണ് പിന്തുണച്ചത്. കഴിഞ്ഞ ദിവസം നടന്ന താലൂക്ക് വികസന സമിതിയിൽ ജോയി പാലാട്ടി എത്തിയപ്പോഴാണ് നിയമനം കോൺഗ്രസുകാർ പോലും അറിഞ്ഞത്.
ചാലക്കുടി ലോക്‌സഭ സീറ്റ് യു.ഡി.എഫ് തിരിച്ച് പിടിച്ചതോടെയാണ് എം.പിയുടെ നോമിനിയാകാൻ ലത്തീഫ് പൂഴിത്തറയ്ക്ക് അവസരം ലഭിച്ചത്. ഈ സ്ഥാനത്തേക്കും എ ഗ്രൂപ്പിലെ ചിലർ ശ്രമിച്ചെങ്കിലും നടന്നില്ല.