municipality
ആലുവ നഗരസഭ കൗൺസിൽ യോഗത്തിൽ ചെയർപേഴ്സൺ ലിസി എബ്രഹാമിനെ പ്രതിപക്ഷം ഉപരോധിക്കുന്നു

ആലുവ: നഗരത്തിലെ സ്വകാര്യ ബസ് സ്റ്റാൻഡും പാർക്കും പത്ത് വർഷത്തേക്ക് സ്വകാര്യ വ്യക്തികൾക്ക് പാട്ടത്തിന് നൽകാനുള്ള നീക്കത്തിനെതിരെ നഗരസഭ കൗൺസിലിൽ വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്ന് ചെയർപേഴ്സൺ ലിസി എബ്രഹാം കൗൺസിൽ യോഗം പിരിച്ചുവിട്ടു.

കൗൺസിൽ യോഗം ആരംഭിച്ച ഉടൻ പ്രതിപക്ഷം കേരളോത്സവവുമായി ബന്ധപ്പെട്ട് സബ്മിഷൻ ഉന്നയിക്കാൻ അവസരം ചോദിച്ചെങ്കിലും ചെയർപേഴ്സൺ അംഗീകരിച്ചില്ല. ഇതോടെ പ്രതിപക്ഷം പ്ളക്കാർഡുകളുമായി നടുത്തളത്തിലിറങ്ങി. നഗരസഭയ്ക്ക് പുറത്തുനിന്നുള്ളവരെ വിളിച്ചുവരുത്തിയാണ് ഭരണപക്ഷം കേരളോത്സവം സംഘടിപ്പിച്ചതെന്നും മുനിസിപ്പൽ ചട്ടപ്രകാരം കേരളോത്സവത്തിന്റെ ചുമതലയുള്ള സ്റ്റാൻഡിംഗ് കമ്മിറ്റിയെ അവഗണിക്കുകയായിരുന്നുവെന്നും പ്രതിപക്ഷം ആരോപിച്ചു. ബഹളത്തിനിടയിൽ അജണ്ടകളെല്ലാം പാസായതായി ചെയർപേഴ്സൺ പ്രഖ്യാപിച്ചതോടെ പ്രതിഷേധത്തിന്റെ ശക്തി വർദ്ധിച്ചു. അജണ്ടകൾ പോലും വായിക്കാതെയാണ് പാസായതായി പ്രഖ്യാപിച്ചതെന്ന് പറഞ്ഞ് ഭൂരിപക്ഷം പേരും ബഹളംവച്ചതോടെ ചെയർപേഴ്സൺ നിലപാട് മയപ്പെടുത്തി. ഇതിനിടയിൽ സ്വതന്ത്ര കൗൺസിലർമാർ ഉൾപ്പെടെ നഗരസഭയുടെ വസ്തുക്കൾ സ്വകാര്യവത്കരിക്കുന്നതിനെതിരെ രംഗത്തെത്തി.

നഗരസഭ ബസ് സ്റ്റാൻഡും പാർക്കും ഒരു സ്വകാര്യ സ്ഥാപനത്തിന് നൽകുന്നതിനെതിരെയായിരുന്നു ആദ്യപ്രതിഷേധം. നവീകരണവും ഭാവിയിലെ അറ്റകുറ്റപ്പണിയും സ്വകാര്യസ്ഥാപനം നടത്തണം. ഇവിടങ്ങളിൽ പരസ്യ ബോർഡുകൾ സ്ഥാപിച്ച് കരാറുകാർക്ക് പണം സമ്പാദിക്കാം എന്ന വ്യവസ്ഥയാണ് ഉണ്ടായിരുന്നത്. മുനിസിപ്പൽ മാർക്കറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട് കെ.യു.ആർ.ഡി.എഫ്.സിയിൽ നിന്നും അഞ്ച് കോടി രൂപ വായ്പയെടുക്കുന്നതിനെതിരെയും പ്രതിഷേധമുണ്ടായി. ജീവനക്കാർക്ക് പ്രതിമാസം ശമ്പളം പോലും നൽകാനാവാതെ ബുദ്ധിമുട്ടുന്ന നഗരസഭ ഇത്രയും ഭീമമായ തുക വായ്പയെടുത്താൽ കൂടുതൽ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നാണ് ചില കൗൺസിലർമാർ അഭിപ്രായപ്പെട്ടത്. വിഷയം വിശദമായി ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് സ്വതന്ത്ര കൗൺസിലർ സെബി വി. ബാസ്റ്റ്യൻ നഗരസഭ സെക്രട്ടറിക്ക് രേഖാമൂലം കത്ത് നൽകി. ഇതെല്ലാം പരിഗണിച്ചാണ് ഒടുവിൽ ഇതേ അജണ്ടകൾ ഉൾപ്പെടുത്തി വീണ്ടും കൗൺസിൽ ചേരാൻ തീരുമാനിച്ചത്.

പ്രതിപക്ഷ നേതാവ് രാജീവ് സക്കറിയ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ലോലിത ശിവദാസൻ, ഓമന ഹരി, അംഗങ്ങളായ മനോജ് കൃഷ്ണൻ, ശ്യാം പദ്മനാഭൻ, പി.സി. ആന്റണി, ഷൈജി രാമചന്ദ്രൻ, മിനി ബൈജു, സാജിദ് സഹീർ എന്നിവരാണ് ചെയർപേഴ്സനെ തടഞ്ഞുവെച്ചത്. ഈ സമയം നഗരസഭയ്ക്ക് പുറത്ത് എൽ.ഡി.എഫിന്റെ പ്രതിഷേധം നടക്കുകയായിരുന്നു നഗരവാസികളെ പങ്കെടുപ്പിച്ച് കേരളോത്സവം സംഘടിപ്പിക്കണമെന്നായിരുന്നു ആവശ്യം.