കെ.വി.പി കൃഷ്ണകുമാർ ഇന്ന് രാജി വെക്കും

രാജിയില്ലെന്ന് രണ്ട് അദ്ധ്യക്ഷൻമാർ

കൊച്ചി: മേയറെ മാറ്റാനുള്ള തന്ത്രങ്ങൾ പാളിയതോടെ ജില്ല കോൺഗ്രസ് നേതൃത്വം വീണ്ടും പുലിവാല് പിടിച്ചു. സൗമിനി ജെയിനെ മേയർ സ്ഥാനത്തുനിന്ന് മാറ്റുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്നലെ വ്യക്തമാക്കിയതോടെ നേതൃത്വം വെട്ടിലായി. മേയറാകുമെന്ന് കരുതുന്ന എ വിഭാഗക്കാരിയായ ഷൈനി മാത്യു ഡി.സി.സി പ്രസിഡന്റ് ആവശ്യപ്പെട്ടതനുസരിച്ച് കഴിഞ്ഞ ശനിയാഴ്ച നഗരവികസന അദ്ധ്യക്ഷ പദവിയും സമിതിയിലെ അംഗത്വവും രാജിവച്ചിരുന്നു. നികുതികാര്യ സമിതി അദ്ധ്യക്ഷനായ കെ.വി.പി കൃഷ്ണകുമാർ ഇന്നു രാവിലെ സെക്രട്ടറിക്ക് രാജി നൽകും. എന്നാൽ, എ വിഭാഗക്കാരനായ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.ബി. സാബു, കെ.വി. തോമസ് പക്ഷക്കാരിയായ വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഗ്രേസി ജോസഫ് എന്നിവർ രാജിവയ്ക്കില്ലെന്ന കടുംപിടിത്തത്തിലാണ്. ഇതോടെ നേരിയ ഭൂരിപക്ഷത്തിലുള്ള ഭരണം കൈയാലപ്പുറത്തെ തേങ്ങയുടെ അവസ്ഥയിലായി.

# രമേശ് ചെന്നിത്തലയും പറഞ്ഞു: ഒഴിയുന്നു

കെ.പി.സി.സി നേതൃത്വം കൈയൊഴിഞ്ഞതോടെയാണ് ഐ വിഭാഗക്കാരനായ കൃഷ്ണകുമാർ രാജിവയ്ക്കാൻ സന്നദ്ധനായത്. കെ.പി.സി.സി നേതൃത്വത്തെ കാര്യങ്ങൾ ധരിപ്പിച്ച ശേഷമേ രാജിക്കാര്യം ചിന്തിക്കൂ എന്ന നിലപാടിലായിരുന്നു ഷൈനി ഒഴികെയുള്ളവർ. ഇന്നലെ മൂവരും മുല്ലപ്പള്ളി രാമചന്ദ്രനെ നേരിൽ കണ്ടു. മേയറുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ മാത്രമേ തനിക്ക് അധികാരമുള്ളുവെന്നും മറ്റുള്ളവരുടെ കാര്യം ഡി.സി.സിയാണ് തീരുമാനിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞതോടെ ചെയർമാൻമാർ വെട്ടിലായി. സ്ഥാനം ഒഴിയണമെന്ന് രമേശ് ചെന്നിത്തലയും നിർദേശിച്ചതോടെ കൃഷ്ണകുമാറിന് മറ്റു വഴികളില്ലാതായി.

മുൻ ധാരണപ്രകാരം കേരള കോൺഗ്രസ് എമ്മിലെ ഒരേയൊരു കൗൺസിലറായ ജോൺസൺ പുതിയ നികുതികാര്യ ചെയർമാനാകുമെന്ന് അറിയുന്നു. മേയറെ തത്ക്കാലം മാറ്റില്ലെന്ന് വ്യക്തമായതോടെ ഉടൻ രാജിവയ്ക്കേണ്ടെന്ന നിലപാടിലേക്ക് മറ്റു രണ്ടുപേരും എത്തി.

# എൽ.ഡി.എഫും യു.ഡി.എഫും ഒപ്പത്തിനൊപ്പം

കോൺഗ്രസിലെ ഉൾപ്പോരുകളുടെ തുടർച്ചയായി സൗമിനി ജെയിനിനെ മേയർ സ്ഥാനത്തു നിന്നു മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ ആഴ്ച നാല് അദ്ധ്യക്ഷൻമാരോടും ഡി.സി.സി പ്രസിഡന്റ് ടി.ജെ.വിനോദ് എം.എൽ.എ രാജി ആവശ്യപ്പെട്ടത്. നേതൃത്വത്തിന്റെ വാക്കു വിശ്വസിച്ച് പറഞ്ഞ തിയതിക്ക് അദ്ധ്യക്ഷപദവിയും സമിതിയിലെ അംഗത്വവും രാജിവച്ച ഷൈനി മാത്യു ഇപ്പോൾ എങ്ങുമല്ലാത്ത അവസ്ഥയിലാണ്. ചെയർമാൻമാർ ഒഴിയുന്നതോടെ നഗരാസൂത്രണ, നികുതികാര്യ സമിതികളിൽ യു.ഡി.എഫിനും എൽ.ഡി.എഫിനും നാല് അംഗങ്ങൾ വീതമായി. പുതിയ അദ്ധ്യക്ഷൻമാരെ തിരഞ്ഞെടുക്കണമെങ്കിൽ 74 കൗൺസിലമാരും വീണ്ടും വോട്ടു ചെയ്യണം.