കൊച്ചി : കേരളത്തിലും തമിഴ്നാട്ടിലും തീവ്രവാദി ആക്രമണങ്ങൾ നടത്താൻ കണ്ണൂർ കനകമലയിൽ രഹസ്യയോഗം ചേർന്ന് ഗൂഢാലോചന നടത്തിയെന്ന കേസിൽ ആറ് പ്രതികൾ കുറ്റക്കാരാണെന്ന് എറണാകുളത്തെ പ്രത്യേക എൻ.ഐ.എ കോടതി കണ്ടെത്തി. ഒരാളെ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വെറുതേവിട്ടു. മറ്റൊരു പ്രതി കോഴിക്കോട് സ്വദേശി സജീർ മംഗലശേരി വിചാരണ തുടങ്ങുംമുമ്പ് അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടതായി എൻ.ഐ.എ സംഘം കണ്ടെത്തിയിരുന്നു. ഇയാളെ ഒഴിവാക്കിയാണ് വിചാരണ നടത്തിയത്. കുറ്റക്കാരായ പ്രതികൾക്കുള്ള ശിക്ഷ കോടതി 27ന് പ്രഖ്യാപിക്കും.
പ്രതികൾ രാജ്യാന്തര തീവ്രവാദ സംഘടനയായ ഐസിസിലെ അംഗങ്ങളാണെന്ന എൻ.ഐ.എയുടെ വാദം കോടതി തള്ളി. പ്രതികൾ തീവ്രവാദ പ്രവർത്തനങ്ങൾക്കു വേണ്ടി പദ്ധതി തയ്യാറാക്കി എന്ന വാദം അംഗീകരിക്കാമെങ്കിലും ഇവർ ഐ.സി.സിൽ അംഗങ്ങളാണെന്നതിന് വ്യക്തമായ തെളിവില്ലെന്ന് കോടതി വിലയിരുത്തി. അൻസാർ ഉൽ ഖലീഫ (കേരള) എന്ന പേരിൽ തീവ്രവാദ സംഘടനയുടെ കേരള ഘടകമായി പ്രവർത്തിക്കാനാണ് പ്രതികൾ ലക്ഷ്യമിട്ടതെന്ന് എൻ.ഐ.എ വാദിച്ചിരുന്നു. പ്രതികൾ ഗൂഢാലോചനയിൽ പങ്കാളികളാണെന്ന് കോടതി വിലയിരുത്തി. ഇവർക്കെതിരെ തീവ്രവാദ പ്രവർത്തന നിരോധന നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തിയിരുന്നെങ്കിലും രാജ്യത്തിനെതിരെ യുദ്ധം ചെയ്തുവെന്ന കുറ്റം വിചാരണയിൽ തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നും കോടതി വ്യക്തമാക്കി. പ്രത്യേക എൻ.ഐ.എ കോടതി ജഡ്‌ജി ഐ.പി കൃഷ്‌ണകുമാറാണ് കേസ് പരിഗണിക്കുന്നത്.
കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾ
1. തലശേരി ചൊക്ളി സ്വദേശി മൻസീദ് എന്ന ഒമർ അൽ ഹിന്ദി (33)
2. തൃശൂർ വെങ്ങാനെല്ലൂർ സ്വദേശി യൂനുസ് എന്ന സ്വാലിഹ് മുഹമ്മദ് (29)
3. കോയമ്പത്തൂർ സ്വദേശി അബു ബഷീർ എന്ന റാഷിദ് അലി (27)
4. കോഴിക്കോട് കുറ്റ്യാടി സ്വദേശി റംഷീദ് നാങ്കീലൻ (27)
5. മലപ്പുറം തിരൂർ സ്വദേശി സഫ്‌വാൻ (33)
6. കാഞ്ഞങ്ങാട് സ്വദേശി പി.കെ. മൊയ്‌നുദ്ദീൻ (27)
വെറുതേ വിട്ട പ്രതി
1. കോഴിക്കോട് കുറ്റ്യാടി എൻ.കെ. ജാസിം (28)
കേസിങ്ങനെ
2016 ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തി ദിനത്തിലാണ് പ്രതികൾ കണ്ണൂരിലെ കനകമലയിൽ രഹസ്യയോഗം ചേർന്നത്. കേരളത്തിലും തമിഴ്നാട്ടിലുമായുള്ള വിവിധ മതങ്ങളുടെ ആരാധനാലയങ്ങൾ ആക്രമിക്കാനും ഹൈക്കോടതി ജഡ്ജിമാർ, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ നേതാക്കൾ എന്നിവരെ വധിക്കാനും യോഗത്തിൽ പദ്ധതി തയ്യാറാക്കിയിരുന്നതായി എൻ.ഐ.എ നൽകിയ കുറ്റപത്രത്തിൽ പറയുന്നു. കേസിന്റെ ആദ്യ പ്രതിപ്പട്ടികയിലുണ്ടായിരുന്ന മുഹമ്മദ് ഫിയാസിനെ പിന്നീട് മാപ്പുസാക്ഷിയാക്കിയിരുന്നു.
സുബ്ഹാനി ഹാജയും പ്രതി
തമിഴ് വംശജനും തൊടുപുഴ സ്വദേശിയുമായ സുബ്ഹാനി ഹാജ മൊയ്തീനും ഈ കേസിൽ പ്രതിയാണ്. ഇയാളെ പിന്നീടു പിടികൂടിയതിനാൽ പ്രത്യേക വിചാരണ നടന്നുവരുന്നു. പാരിസ് ആക്രമണക്കേസിൽ സല അബ്ദുൾ സലാമിനൊപ്പം സുബ്ഹാനി സിറിയയിൽ ആയുധപരിശീലനം നടത്തിയിരുന്നെന്ന് കണ്ടെത്തിയിരുന്നു. ഇയാളെ ഫ്രഞ്ച് പൊലീസ് കേരളത്തിലെത്തി ചോദ്യം ചെയ്തിരുന്നു.
കുറ്റങ്ങൾ
എല്ലാ പ്രതികൾക്കുമെതിരെ ക്രിമിനൽ ഗൂഢാലോചനക്കുറ്റം
ഒന്നും രണ്ടും മൂന്നും പ്രതികൾ തീവ്രവാദ പ്രവർത്തനത്തിന് ധനം കണ്ടെത്തി
ഇവർ തീവ്രവാദ സംഘടനയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്തു
എല്ലാ പ്രതികളും തീവ്രവാദ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകി
പ്രതികൾ തീവ്രവാദ പ്രവർത്തനത്തിനായി ചേർന്നു പ്രവർത്തിച്ചു