കൊച്ചി: എലൂർ മുനിസിപ്പാലിറ്റിയിലുള്ളവരെ കണ്ടെയ്‌നർ ടെർമിനൽ റോഡിലെ ടോളിൽ നിന്ന് ഒഴിവാക്കിയതായി ഹൈബി ഈഡൻ എം.പി അറിയിച്ചു. ഏറെനാളത്തെ ആവശ്യം നാഷണൽ ഹൈവേ അധികൃതരും കരാറുകാരനും അംഗീകരിക്കുകയായിരുന്നു. ഈ വിഷയത്തിൽ ഉടൻ പരിഹാരമുണ്ടാകണമെന്ന് ആവശ്യപ്പെട്ട് ഹൈബി ഈഡൻ യോഗം വിളിച്ച് ചേർത്തിരുന്നു. ഒരാഴ്ച്ചയ്ക്കുള്ളിൽ തീരുമാനം അറിയിക്കാനാണ് എം.പി അറിയിച്ചിരുന്നത്. കഴിഞ്ഞ ദിവസം അനുവദിച്ച സമയപരിധി കഴിഞ്ഞിരുന്നു. ഇതേത്തുടർന്ന് ഇന്ന് കരാറുകാരൻ എം.പിയുമായി ബന്ധപ്പെടുകയും ടോളിൽ നിന്ന് എലൂർ മുനിസിപ്പാലിറ്റിയെ ഒഴിവാക്കാൻ സമ്മതം അറിയിക്കുകയുമായിരുന്നു. എത്രയും പെട്ടെന്ന് മുനിസിപ്പാലിറ്റി ലിസ്റ്റ് തയ്യാറാക്കി നൽകിയാൽ ഉടൻ ടോളിൽ നിന്ന് മുനിസിപ്പാലിറ്റിയുടെ പരിധിയിലുള്ളവർക്ക് ഒഴിവാകാം. ഡിസംബർ ഒന്നുമുതൽ ഫാസ്റ്റ് ടാഗ് നിർബന്ധമാക്കുകയാണ്. അതിനുമുമ്പേ ലിസ്റ്റ് തയ്യാറാക്കി നൽകാൻ മുനിസിപ്പൽ സെക്രട്ടറിക്കും ചെയർപേഴ്‌സണും നിർദേശം നൽകിയിട്ടുണ്ടെന്നും ഹൈബി പറഞ്ഞൂ. നേരത്തെ മുളവുകാട്, കടമക്കുടി ചേരാനല്ലൂർ പഞ്ചായത്തുകളെ ടോളിൽ നിന്ന് ഒഴിവാക്കിയിരുന്നു.