kall
റോട്ടറി ജയ്പൂർ ലിംമ്പ് യു.കെ.യുടെ സഹായത്തോടെ ചുണങ്ങുംവേലിയിലുള്ള എസ്.ഡി. റോട്ടറി സെന്റർ ഫോർ സീനിയർ സിറ്റിസൺസിൽ കൃത്രിമ കാൽ നിർമ്മിക്കുന്നു

ആലുവ: അപകടത്തിലും വിവിധ രോഗങ്ങൾ മൂലവും കാലുകൾ മുറിച്ച് മാറ്റിയവർക്കായി ആലുവ റോട്ടറി ക്ലബ് കൃത്രിമ കാലുകൾ നിർമ്മിച്ച് വിതരണം ചെയ്യുന്നു. 17ന് ആരംഭിച്ച ക്യാമ്പ് വ്യാഴാഴ്ച അവസാനിക്കും.12,000 രൂപ മുതൽ 22,000 രൂപ വരെ വില വരുന്ന കൃത്രിമ കാലുകൾ 150 ഓളം പേർക്കാണ് സൗജന്യമായി നൽകുന്നത്.
ക്യാമ്പിൽ രജിസ്റ്റർ ചെയ്തവരുടെ അളവെടുത്ത ശേഷം പ്ലാസ്റ്റർ ഒഫ് പാരീസിൽ അച്ച് ഉപയോഗിച്ച് കാലിന്റെ രൂപം നിർമ്മിച്ച് എച്ച്.ഡി. പൈപ്പ് ചൂടാക്കിയാണ് കൃത്രിമകാലുകൾ നിർമ്മിക്കുന്നത്. കാൽപാദം റബറിൽ നിർമ്മിക്കും. തുടർന്ന് ആളുകൾക്ക് അവ ഘടിപ്പിച്ചു നൽകിയശേഷം നടക്കുവാനുള്ള പരിശീലനവും നൽകും.

ജയ്‌പൂർ ലിമ്പ് എന്ന പേരിൽ അറിയപ്പെടുന്ന കൃത്രിമകാലുകളുടെ നിർമ്മാണം ചെന്നൈ ആസ്ഥാനമായുള്ള ഒലി ഇന്ത്യ കമ്പനിയാണ് ആലുവയിൽ നിർമ്മിക്കുന്നത്. ടെക്‌നീഷ്യൻ തുളസീദാസിന്റെ നേതൃത്വത്തിലുള്ള നാല് വിദഗ്ദ്ധരാണ് നേതൃത്വം നൽകുന്നത്.
റോട്ടറി ജയ്‌പൂർ ലിമ്പ് യു.കെ.യുടെ സഹായത്തോടെ ചുണങ്ങുംവേലിയിലുള്ള എസ്.ഡി. റോട്ടറി സെന്റർ ഫോർ സീനിയർ സിറ്റിസൺസിൽ വെച്ച് അസോസിയേഷൻ ഫോർ സോഷ്യൽ ഡെവലപ്പ്‌മെന്റ് സുഹൃദ് സദന്റെ നേതൃത്വത്തിലാണ് ക്യാമ്പ് നടത്തുന്നത്. അടുത്ത ക്യാമ്പ് ഡിസംബർ എട്ടുമുതൽ പയ്യന്നൂരിലും ജനുവരിയിൽ കോയമ്പത്തൂരിലും നടക്കുമെന്ന് ആലുവ റോട്ടറി ക്ലബ് പ്രസിഡന്റ് സൂരജ് മാടപ്പറമ്പിൽ, സെക്രട്ടറി ഡോ. വിവേക് വി. കുമാർ, ലിമ്പ് പ്രോജക്ട് ചെയർമാൻ മാത്യു ഉറുമ്പത്ത്, മുൻ പ്രസിഡന്റ് മുഹമ്മദ് അമീൻ എന്നിവർ അറിയിച്ചു.