ആലുവ: ജില്ലാ നേതൃത്വം നിർദ്ദേശിച്ചിട്ടും ബി.ജെ.പി ആലുവ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധി സങ്കല്പ യാത്രയിൽ മണ്ഡലം പ്രസിഡന്റ് മുൻ നിരയിൽ. ഇന്നലെ വൈകിട്ടാണ് പാർട്ടി ജില്ലാ സെക്രട്ടറി എം.എൻ. ഗോപി ക്യാപ്ടനായി യാത്ര നടന്നത്. നേരത്തെ നിയോജക മണ്ഡലം പ്രസിഡന്റ് കെ.ജി. ഹരിദാസിനെ വൈസ് ക്യാപ്ടനുമായിട്ടാണ് ജില്ലാ കമ്മിറ്റി യാത്ര നിശ്ചയിച്ചിരുന്നതെങ്കിലും ഒരു വിഭാഗത്തിന്റെ എതിർപ്പിനെത്തുടർന്ന് ഒഴിവാക്കുകയായിരുന്നു. ഇതേത്തുടർന്ന് യാത്രയുമായി ബന്ധപ്പെട്ട് നടന്ന യോഗങ്ങളിലൊന്നിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല. ഹരിദാസിനെ അനുകൂലിക്കുന്നവർ ഇതിനെതിരെ രംഗത്തെത്തിയെങ്കിലും ഇതൊന്നും കാര്യമാക്കാതെയാണ് മറുവിഭാഗം പ്രവർത്തിച്ചത്.
എന്നാൽ യാത്ര ആരംഭിക്കുമ്പോൾ മണ്ഡലം പ്രസിഡന്റ് ഗാന്ധിത്തൊപ്പിയും ധരിച്ച് ക്യാപ്ടനൊപ്പം തന്നെ മുൻനിരയിൽ സഞ്ചരിച്ചു. അത്താണിയിൽ നടന്ന സമാപന സമ്മേളനത്തിലും പ്രസിഡന്റ് പങ്കെടുത്തെങ്കിലും വൈസ് പ്രസിഡന്റ് എ. സെന്തിൽകുമാറിനെ അദ്ധ്യക്ഷനാക്കി മറുവിഭാഗം തിരിച്ചടിച്ചു. മുതിർന്ന നേതാവ് എന്നാണ് മറ്റ് പ്രാസംഗീകർ പ്രസിഡന്റിനെ വിശേഷിപ്പിച്ചത്.
സ്വാതന്ത്ര്യ സമരസേനാനി വാരനാട്ട് നാരായണൻനായർ ആലുവ ഗാന്ധി പ്രതിമയിൽ പുഷപാഹാരം അർപ്പിച്ച് യാത്ര നായകൻ എം.എൻ. ഗോപിക്ക് ദേശീയപതാക കൈമാറി ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ദേശീയ സമിതി അംഗം നെടുമ്പാശേരി രവി പ്രസംഗിച്ചു. അത്താണിയിൽ നടന്ന സമാപന പൊതുസമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം വൈസ് പ്രസിഡന്റ് പി. ഹരിദാസ്, എ. സെന്തിൽകുമാർ, ജനറൽ സെക്രട്ടറി രൂപേഷ് പൊയാട്ട്, പ്രീത രവീന്ദ്രൻ, മുനിസിപ്പൽ പ്രസിഡന്റ് സതീഷ് കുമാർ, ബാബു കരിയാട്, പ്രദീപ് പെരുമ്പടന്ന, വിജയൻ കുളത്തേരി, രമണൻ ചേലാകുന്ന്, ഇല്യാസ് അലി, ഒ.സി.കുട്ടൻ, അപ്പു മണ്ണാഞ്ചേരി തുടങ്ങിയവരടക്കം നൂറുക്കണക്കിന് പ്രവർത്തകർ ഗാന്ധി സങ്കല്പയാത്രയിൽ പങ്കെടുത്തു.