arrest

കൊച്ചി : ഏതൊക്കെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരത്താണ് ലഹരിമരുന്നു വില്പന നടക്കുന്നതെന്ന വിവരമുൾപ്പെടെ സർക്കാർ മുദ്രവച്ച കവറിൽ റിപ്പോർട്ട് നൽകണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ഇതു സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കിയാലേ ഉചിതമായ മാർഗനിർദ്ദേശം നൽകാനാവൂ എന്നും ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻബെഞ്ച് വ്യക്തമാക്കി.

മയക്കുമരുന്ന് കേസുകളുടെ നടത്തിപ്പ് എങ്ങനെ, ഇവയിൽ ശിക്ഷിക്കപ്പെടുന്ന കേസുകളുടെ നിരക്ക്, ജാമ്യം ലഭിക്കുന്നതിന്റെ കണക്ക് എന്നിവയും നൽകണം.

സംസ്ഥാനത്ത് ലഹരിമരുന്ന് ഉപയോഗം വർദ്ധിക്കുന്നെന്ന് വ്യക്തമാക്കി മുൻ എസ്.പി എൻ. രാമചന്ദ്രൻ നൽകിയ കത്തും സ്വൈരജീവിതം തകർക്കരുതെന്ന തലക്കെട്ടിൽ മാർച്ച് 21ന് കേരളകൗമുദിയിലെഴുതിയ മുഖപ്രസംഗം ഉൾപ്പെടെയുള്ള റിപ്പോർട്ടുകളും കണക്കിലെടുത്ത് ഹൈക്കോടതി സ്വമേധയാ പരിഗണിച്ച ഹർജിയിലാണ് നിർദ്ദേശം.

ലഹരിമരുന്ന് ഉപയോഗം കണ്ടെത്താൻ സഹായിക്കുന്ന പത്ത് അബോൺ കിറ്റുകൾ കൊച്ചി നർക്കോട്ടിക് സെൽ എസ്.പിക്കും 15 എണ്ണം തിരുവനന്തപുരം നർക്കോട്ടിക് സെൽ എസ്.പിക്കും നൽകിയെന്ന് സർക്കാർ അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ലഹരിമരുന്ന് ഉപയോഗത്തെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടോയെന്ന ചോദ്യത്തിന്. സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ സേവനം ലഭ്യമാക്കിയിട്ടുണ്ടെന്ന് സർക്കാർ അഭിഭാഷകൻ വിശദീകരിച്ചു.

പരമ്പരാഗത ബോധവത്കരണ പരിപാടികൾ ലഹരി മരുന്നുപയോഗത്തെ തടയാൻ പര്യാപ്തമല്ലെന്ന് ഹൈക്കോടതി വാക്കാൽ പറഞ്ഞു. ആധുനിക ലഹരി മരുന്നുകൾ പ്രചാരത്തിലുണ്ട്. സ്കൂൾ - കോളേജ് കുട്ടികളുടെ കാര്യത്തിലാണ് ആശങ്ക. ഹർജി ഡിസംബർ എട്ടിന് വീണ്ടും പരിഗണിക്കും.

സർക്കാർ കണക്ക്

2016

5924 കേസുകൾ. 7004 പുരുഷന്മാരും 40 സ്ത്രീകളും 70 കുട്ടികളും പ്രതികളായി

2017

9244 കേസുകൾ, 10114 പുരുഷന്മാരും 29 സ്ത്രീകളും 8 കുട്ടികളും പ്രതികളായി

2018

8700 കേസുകൾ. 9763 പുരുഷന്മാരും 20 സ്ത്രീകളും 30 കുട്ടികളും പ്രതികളായി

2019 ഒക്ടോബർ വരെ

7395 കേസുകൾ. 8180 പുരുഷന്മാരും 10 സ്ത്രീകളും 17 കുട്ടികളും പ്രതികളായി

 35,360: ആകെ പ്രതികൾ

 നാലു വർഷങ്ങളിലും ഏറ്റവും കൂടുതൽ കേസുകൾ എറണാകുളം സിറ്റിയിൽ