മുഖ്യപ്രതികൾക്കായി കസ്റ്റഡി അപേക്ഷ നൽകി

നെടുമ്പാശേരി: അത്താണിയിൽ ഗുണ്ടാസംഘത്തലവൻ തുരുത്തിശേരി വല്ലത്തുകാരൻ ബിനോയിയെ (40) കൊലപ്പെടുത്തിയ കേസിൽ ആദ്യം അറസ്റ്റിലായ ആറുപേരെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. ആലുവ കോടതിയാണ് പ്രതികളെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടത്.

നെടുമ്പാശേരി മേക്കാട് മാളിയേക്കൽ അഖിൽ, നിഖിൽ, മേക്കാട് മാളിയേക്കൽ അരുൺ, പൊയ്ക്കാട്ടുശേരി വേണാട്ടുപറമ്പിൽ ജസ്റ്റിൻ, കാരക്കാട്ടുകുന്ന് കിഴക്കേപ്പാട്ട് ജിജീഷ്, മേക്കാട് സെന്റ് മേരീസ് പള്ളിക്ക് സമീപം നമ്പ്യാരത്ത് പാറയിൽ എൽദോ ഏലിയാസ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടുനൽകിയത്. മുഖ്യ പ്രതികൾക്കായുള്ള കസ്റ്റഡി അപേക്ഷ ഇന്നലെ നൽകിയിട്ടുണ്ട്. ഗൂഢാലോചന കേസിൽ ആദ്യം പിടിയിലായ ആറുപേരെയും കൊലപാതകത്തിൽ നേരിട്ട് പങ്കാളികളായ മൂന്നുപേരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യേണ്ടതുണ്ട്. അതിനാൽ നാളെയെങ്കിലും മുഖ്യപ്രതികളെ കസ്റ്റഡിയിൽ ലഭിക്കണമെന്നാണ് പൊലീസിന്റെ ആവശ്യം.

# കൊലയ്ക്ക് കാരണം ഗുണ്ടാപ്പിരിവ് വീതം വയ്ക്കുന്നതിലെ തർക്കം

നെടുമ്പാശേരി: ഗുണ്ടാപ്പണം വീതം വയ്ക്കുന്നതിലെ തർക്കമാണ് 'അത്താണി ബോയ്‌സ്' എന്ന ഗുണ്ടാസംഘത്തിൽ നിന്നും വിനു വിക്രമനും സംഘവും തെറ്റിപ്പിരിയാൻ വഴിയൊരുക്കിയത്. തുടർന്ന് കൊല്ലപ്പെട്ട ഗില്ലപ്പി എന്നു വിളിക്കുന്ന ബിനോയിയുടെ സംഘവുമായി വിനുവിന്റെ ടീം പലവട്ടം ഏറ്റുമുട്ടിയിരുന്നു. ഒടുവിലാണ് 'അത്താണി ബോയ്‌സ്'ന്റെ നേതാവിനെ തന്നെ കൊലപ്പെടുത്താൻ സംഘം തീരുമാനിച്ച് നടപ്പാക്കിയത്.

2016ൽ നെടുമ്പാശേരിയിൽ നൈസാം ഇസാക്ക് എന്നയാളെ തട്ടിക്കൊണ്ട് പോയി കാറും വാച്ചും മൊബൈൽ ഫോണും 5.5 ലക്ഷം രൂപയും 'അത്താണി ബോയ്‌സ്' തട്ടിയെടുത്തിരുന്നു. കൊല്ലപ്പെട്ട ബിനോയിയും വിനു വിക്രമനും ഈ കേസിൽ പ്രതികളായിരുന്നു. അന്ന് തുക വീതം വയ്ക്കുന്നതിലുണ്ടായ തർക്കമാണ് അത്താണി ബോയ്‌സ് വിടാൻ വിനു വിക്രമൻ ഉൾപ്പെടെയുള്ളവരെ പ്രേരിപ്പിച്ചത്. പിന്നീട് വിനുവും സംഘവും സ്വന്തം നിലയിൽ ക്വട്ടേഷനുകൾ ഏറ്റെടുക്കാൻ തുടങ്ങിയത് ബിനോയിയെ അസ്വസ്ഥനാക്കിയിരുന്നു. ബിനോയിക്ക് പണം നൽകിയിരുന്ന ചില വ്യാപാരികൾ അത് നിർത്തി വിനുവിന് നൽകുന്ന സ്ഥിതിയായി. ഇതിന്റെ പേരിൽ വിനുവിന്റെ സംഘത്തെ ബിനോയിയും സംഘം പലവട്ടം പ്രകോപിപ്പിക്കുകയും മർദ്ദിക്കുകയും ചെയ്തു.

നാല് മാസം മുമ്പ് വിനുവിന്റെ പിതാവ് വിക്രമനെ അത്താണിയിലെ ബാറിൽ വച്ച് ബിനോയിയും സംഘവും മർദ്ദിച്ചിരുന്നു. കൊലപാതകത്തിന്റെ തലേദിവസം കേസിലെ നാലാം പ്രതി മേയ്ക്കാട് മാളിയേക്കൽ അഖിലിനെയും ബിനോയിയുടെ സംഘം മർദ്ദിച്ചു. തുടർന്ന് അഖിലന്റെ വീട്ടിൽ പ്രതികളെല്ലാം ഒത്തുകൂടിയാണ് ബിനോയിയെ വകവരുത്താൻ തീരുമാനിച്ചത്.