കൊച്ചി : ചെലവന്നൂർ കായൽ തീരത്ത് തീരപരിപാലനനിയമം ലംഘിച്ച് ഫ്ളാറ്റ് നിർമ്മിച്ചെന്ന കേസിൽ ഗോൾഡൻ കായലോരം ഫ്ളാറ്റ് നിർമ്മാണ കമ്പനിയുടെ ഡയറക്ടർ വി.യു. സിദ്ദിഖിനെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി താത്കാലികമായി തടഞ്ഞു. അന്വേഷണവുമായി സഹകരിക്കണം, കേരളം വിട്ടുപോകരുത്, അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഹാജരാകണം തുടങ്ങിയവയാണ് നിബന്ധനകൾ. ഫ്ളാറ്റ് തട്ടിപ്പുകേസിൽ അറസ്റ്റിനിടയുണ്ടെന്ന് ചൂണ്ടിക്കാട്ടി സിദ്ദിഖ് നൽകിയ മുൻകൂർ ജാമ്യാപേക്ഷയാണ് ഹൈക്കോടതി പരിഗണിച്ചത്. സ്ഥലമുടമകളുമായി 1995 ൽ ഭഗീരഥാ ബിൽഡേഴ്സുണ്ടാക്കിയ കരാർ പ്രകാരമാണ് 40 അപ്പാർട്ട്മെന്റുകളുള്ള സമുച്ചയത്തിന്റെ നിർമ്മാണം തുടങ്ങിയത്. പിന്നീട് തങ്ങളുടെ കമ്പനി സ്ഥലം കെട്ടിടമുൾപ്പെടെ വാങ്ങുകയായിരുന്നെന്നും ഹർജിക്കാരൻ വ്യക്തമാക്കി. നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ രജിസ്റ്റർ ചെയ്ത വിജിലൻസ് കേസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. പിന്നീട് സുപ്രീംകോടതി ഫ്ളാറ്റുകൾ പൊളിച്ചുകളയാൻ ഉത്തരവിട്ടതിനെത്തുടർന്ന് രജിസ്റ്റർ ചെയ്ത കേസാണിതെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു.