ഫോർട്ട് കൊച്ചി: വൈപ്പിൻ - ഫോർട്ടുകൊച്ചി റൂട്ടിൽ സർവീസ് നടത്തുന്ന റോ റോ സർവീസ് ഇന്നലെയും പണിമുടക്കിയതോടെ നൂറ് കണക്കിന് ജോലിക്കാരും മറ്റും ദുരിതത്തിലായി. ഇന്നലെ വൈകിട്ട് 5 മണിയോടെ വൈപ്പിനിൽ നിന്നും നിറയെ യാത്രക്കാരും വാഹനവുമായി പുറപ്പെട്ട റോ റോ യന്ത്രതകരാർ മൂലം തിരിച്ച് വൈപ്പിനിൽ തന്നെ പിടിച്ചിട്ടു. അത് പുറപ്പെടാതെ ഫോർട്ടുകൊച്ചിയിൽ നിന്നും പുറപ്പെടുന്ന റോ റോ വൈപ്പിനിൽ എത്താൻ കഴിയാത്ത സാഹചര്യം ഉണ്ടായതോടെ ആ റോ റോയും ഫോർട്ടുകൊച്ചിയിൽ പിടിച്ചിട്ടു.ഇതോടെ യാത്രക്കാർ ബഹളത്തിലായി. ജോലി കഴിഞ്ഞ് എത്തിയ നിരവധി യാത്രക്കാരും വിവിധ ആവശ്യങ്ങൾക്കായി എത്തിയ വാഹനയാത്രക്കാരും ദുരിതത്തിലായി. തുടർന്ന് ഏറെ നേരം കഴിഞ്ഞാണ് പ്രശ്ന പരിഹാരമായത്. ആഴ്ചയിൽ നാല് ദിവസവും റോ റോ സർവീസ് ഓരോ വിഷയങ്ങൾ പറഞ്ഞ് ഓട്ടം നിർത്തിവെക്കുന്നത് പതിവാണ്. നാളിതുവരെയായിട്ടും രണ്ട് റോ റോയും രാവിലെ മുതൽ രാത്രി വരെ സർവീസ് നടത്താൻ കഴിഞ്ഞിട്ടില്ല. നിയമപ്രകാരം ബോട്ടും റോ റോയും രണ്ട് വീതം സർവീസ് നടത്തണം.എന്നാൽ പലപ്പോഴും ഓരോന്ന് വീതമാണ് സർവീസ് നടക്കുന്നത്. ഇതു മൂലം പലരും ബസ് മാർഗം തോപ്പുംപടി എറണാകുളം വഴി മണിക്കൂറുകൾ എടുത്താണ് ഗോശ്രീ പാലം വഴി ലക്ഷ്യസ്ഥാനങ്ങളിൽ എത്തുന്നത്. ഇത് യാത്രക്കാർക്ക് സമയനഷ്ടവും ധനനഷ്ടത്തിനും ഇടവരുത്തുകയാണ്. ജലമാർഗം മിനിറ്റുകൾ കൊണ്ട് എത്തേണ്ട സ്ഥലത്ത് മണിക്കൂറുകൾ എടുത്ത് പോകേണ്ട ഗതികേടിലാണ് യാത്രക്കാർ. മട്ടാഞ്ചേരിയിൽ നിന്നുള്ള യാത്രാബോട്ടുകളും വെട്ടിക്കുറച്ചതോടെ യഥാർത്ഥത്തിൽ യാത്രക്കാർ വട്ടം ചുറ്റുന്ന സ്ഥിതിയാണ്.നഗരസഭ ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കാണാത്ത പക്ഷം സമര പരിപാടികളുമായി രംഗത്തിറങ്ങുമെന്ന് യാത്രക്കാർ മുന്നറിയിപ്പ് നൽകി.