നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ സി.ഐ.എസ്.എഫ് കമാൻഡറുടെ വാഹനത്തിൽ ബീക്കൻ ലൈറ്റ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട വിവാദം പൊലീസും സി.ഐ.എസ്.എഫും തമ്മിലുള്ളവാക്കേറ്റത്തിലും കേസിലും കലാശിച്ചു. ബീക്കൻ ലൈറ്റ് സ്ഥാപിച്ചതിനെ കുറിച്ച് പൊലീസ് മേലുദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതോടെ പൊലീസുകാർ വിമാനത്താവളത്തിന് അകത്തേക്ക് പ്രവേശിക്കുന്നത് സി.ഐ.എസ്.എഫ് തടഞ്ഞു. ശനിയാഴ്ച നെടുമ്പാശേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനും എയർപോർട്ട് എയ്ഡ് പോസ്റ്റ് ചുമതലക്കാരനുമായ ശ്രീജിത്ത് മേലുദ്യോഗസ്ഥനെ യാത്രയാക്കുന്നതിന് ആഭ്യന്തര ടെർമിനലിലെ ഏപ്രണിലേക്ക് കടക്കുമ്പോൾ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ തടഞ്ഞു. അകത്തു കടക്കാനുള്ള പാസ് ഉണ്ടായിരുന്നിട്ടും കടത്തിവിട്ടില്ല. ഇരുകൂട്ടരും തമ്മിൽ വാക്കേറ്റം നടന്നു.ഇയാൾ നൽകിയ പരാതിയെ തുടർന്ന് രണ്ട് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് നെടുമ്പാശേരി സി.ഐ പറഞ്ഞു.