കൊച്ചി : തീവ്രവാദി ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതിനായി കനകമലയിൽ ഒത്തുചേർന്ന പ്രതികൾ പിന്നീടു പരസ്പരം ബന്ധപ്പെട്ടത് ടെലിഗ്രാം എന്ന മൊബൈൽ ആപ്ളിക്കേഷൻ വഴിയാണെന്ന് എൻ.ഐ.എ അന്വേഷണസംഘം കോടതിയിൽ ബോധിപ്പിച്ചു. ഇൗ ആപ്ളിക്കേഷൻ നിരോധിക്കണമെന്ന ഹർജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ടെലിഗ്രാമിലെ ഒാൺലൈൻ കൂട്ടായ്മ വഴിയാണ് പ്രതികൾ പരസ്പരം ബന്ധപ്പെട്ടിരുന്നത്. ഇവരെ ട്രാക്ക് ചെയ്യാനോ ആരൊക്കെ ഏതു തരത്തിലുള്ള സന്ദേശങ്ങൾ അയച്ചെന്ന് കണ്ടെത്താനോ ടെലിഗ്രാം ആപ്ളിക്കേഷനിൽ സൗകര്യമില്ലാത്തതാണ് ഇൗ പ്ളാറ്റ്ഫോം പ്രതികൾ തിരഞ്ഞെടുക്കാൻ കാരണമെന്ന് എൻ.ഐ.എ വ്യക്തമാക്കിയിരുന്നു. തസ്‌വീബ്, പ്ളേ ഗ്രൗണ്ട്, നോളജ് എന്നീ മൂന്നു ഗ്രൂപ്പുകളിലായാണ് പ്രതികൾ സംവദിച്ചിരുന്നത്. തമിഴ്നാട്ടിലെ ഡിണ്ടിഗലിൽ ജൂതമത വിശ്വാസികളായ വിനോദസഞ്ചാരികൾ തങ്ങുന്ന വട്ടക്കനാലിൽ ആക്രമണം നടത്താൻ പ്രതികൾ പദ്ധതിയിട്ടിരുന്നെന്നും എൻ.ഐ.എ കണ്ടെത്തിയിരുന്നു. വിഷവാതകം സ്പ്രേ ചെയ്ത് ജൂത വിശ്വാസികളെ വക വരുത്തണമെന്നായിരുന്നു ഗ്രൂപ്പിൽ ചർച്ച ചെയ്തത്. വട്ടക്കനാലിൽ എത്താനുള്ള വാഹനത്തിനും ഇവിടെ താമസിക്കുന്നതിനുമുള്ള ചെലവുകൾക്കായി 18,000 രൂപയും പ്രതികൾ കൈമാറിയിരുന്നു.

 ആക്രമണ ലക്ഷ്യങ്ങൾ ഇങ്ങനെ

ജമാ അത്തെ ഇസ്ലാമി കൊച്ചി മറൈൻഡ്രൈവിൽ നടത്തിയ സമ്മേളനം

കേരളത്തിലെയും തമിഴ്നാട്ടിലെയും പ്രധാന നഗരങ്ങളും ആരാധനാലയങ്ങളും

ഹൈക്കോടതി ജഡ്ജിമാർ

ബി.ജെ.പി സംസ്ഥാന നേതാക്കൾ

അഹമ്മദീയ വിഭാഗത്തിന്റെ കോഴിക്കോട്ടെ പള്ളി