പറവൂർ : കേന്ദ്ര സർക്കാർ നടത്തുന്ന ഭ്രാന്തൻ നയങ്ങൾ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ തകർത്തതായി വൈദ്യുതിമന്ത്രി എം.എം. മണി പറഞ്ഞു. കുത്തുപറമ്പ് രക്ഷസാക്ഷിത്വത്തിന്റെ ഇരുപത്തിയഞ്ചാം വാർഷിക സമ്മേളനം പറവൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ആർ.എസ്.എസ് നയങ്ങൾ നടപ്പാക്കുന്നതിന് എല്ലാ ഭരണഘടന സ്ഥാപനങ്ങളെയും കശാപ്പു ചെയ്യുകയാണ്. രാജ്യത്ത് ആൾക്കൂട്ട കൊലകളും ദളിത് പീഡനങ്ങളും വർദ്ധിക്കുന്നു. സ്വകാര്യ കുത്തകകൾക്ക് രാജ്യത്തിന്റെ പൊതുപണം പാക്കേജുകളുടെ പേരിൽ നൽകുകയാണ്. യുവാക്കൾക്കും കർഷകർക്കും തൊഴിലാളികൾക്കും യാതൊരു പ്രയോജനവും ചെയ്യാത്ത പാക്കേജുകളാണ് നടപ്പാക്കുന്നത്. കോൺഗ്രസ് നേതാക്കളുടെ അമിത ആത്മവിശ്വാസമാണ് കേന്ദ്രത്തിൽ ബി.ജെ.പിയുടെ തുടർ ഭരണത്തിന് വഴിയൊരുക്കിയത്. ഇപ്പോഴും കോൺഗ്രസ് ഈ നയം തിരുത്താൻ തയ്യാറാകുന്നില്ലെന്നും മന്ത്രി പറഞ്ഞു. പൊതുസമ്മേളനത്തിൽ ഡി.വൈ.എഫ്.ഐ പറവൂർ ബ്ലോക്ക് പ്രസിഡന്റ് വി.എസ്. ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു.
ടി.ജി. അശോകൻ, എൻ.എ. അലി, കെ.എസ്. സനീഷ്, വി.യു. ശ്രീജിത്ത്, ടി.എസ്. രാജൻ, എ.എ. പവിത്രൻ, കെ.ജി. ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു. ചേന്ദമംഗലം കവലയിൽ നിന്നാരംഭിച്ച യുവജന റാലിക്ക് ഇ.ബി. സന്തു, എം. രാഹുൽ, സജേഷ് കുമാർ, എസ്. സന്ദീപ്, മായ രാജേഷ് എന്നിവർ നേതൃത്വം നൽകി.