തൃക്കാക്കര : നിർദേശങ്ങൾ പാടെ അവഗണിച്ചു. ബ്രഹ്‌മപുരം വീണ്ടും പുകയുകയാണ്.
ബ്രഹ്‌മപുരം പ്ലാന്റിൽ കഴിഞ്ഞ ദിവസമുണ്ടായ തീപിടുത്തത്തിൽ ഏക്കറുകണക്കിന് സ്ഥലത്തെ പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തി നശിച്ചു.മുമ്പ് മൂന്ന് തവണയാണ് പ്ലാന്റിൽ അഗ്നിബാധയുണ്ടായത്.
ജില്ലയിലെ തൃപ്പൂണിത്തുറ, കൊച്ചി ,ആലുവ,കളമശ്ശേരി നഗരസഭകളിൽ നിന്നും കൊണ്ടുവരുന്ന പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ 15 ഏക്കറോളം വരുന്ന സ്ഥലത്താണ് കൂട്ടിയിട്ടിരിക്കുന്നത്.പ്ലാസ്റ്റിക് മാലിന്യങ്ങൾ സംസ്കരിക്കാൻ ഇവിടെ സംവിധാനമില്ല. .കേന്ദ്ര സർക്കാരിന്റെ ജനറോം പദ്ധതിയിലുൾപ്പെടുത്തി 19 കോടിയിലേറെ രൂപ ചെലവഴിച്ചാണ് കൊച്ചി നഗരസഭ ബ്രഹ്‌മപുരത്ത് പ്ലാന്റ് നിർമ്മിച്ചത്.
ഒന്നും പഠിക്കാതെ കോർപ്പറേഷൻ
ബ്രഹ്‌മപുരത്ത് തീ പിടുത്തമുണ്ടായാൽ വേഗത്തിൽ പരിഹരിക്കാൻ അഗ്നി സുരക്ഷാ സംവിധാനം ഒരുക്കണമെന്ന് ഫയർ ഫോഴ്‌സ് രണ്ടുവർഷം മുമ്പ് നൽകിയ റിപ്പോർട്ടിൽകോർപ്പറേഷൻ നടപടിയെടുത്തില്ല കൂട്ടിയിട്ട മാലിന്യത്തിനിടയിലൂടെ ഫയർ ഫോഴ്സ് വാഹനം കൊണ്ടുപോകാൻ സൗകര്യം ഒരുക്കണമെന്നാണ് നിയമം.എന്നാൽ കഴിഞ്ഞ വർഷം തീപിടുത്തമുണ്ടായപ്പോൾ അന്നത്തെ കളക്ടർ മുഹമ്മദ് വൈ .സഫറുളള ഇടപെട്ട് മാലിന്യം കൂട്ടിയിട്ടിരിക്കുന്ന കുറച്ചു ഭാഗങ്ങളിൽ മാലിന്യം നീക്കി ഫയർ ഫോഴ്‌സ് വാഹനങ്ങൾക്ക് കടന്നുപോകാൻ സൗകര്യം ഒരുക്കിയെങ്കിലും പിന്നീട് നടപടിയുണ്ടായില്ല. പ്ലാന്റിന്റെ സമീപത്തുകുടിയാണ് കടമ്പ്രയാർ ഒഴുകുന്നത്. ആറിൽ നിന്നും ഫയർ ഹൈഡ്രൻഡ് സ്ഥാപിച്ചാൽ എളുപ്പത്തിൽ തീയണക്കാമെന്ന് ഫയർ ഫോഴ്‌സ് രണ്ടുവർഷം മുമ്പ് കൊച്ചി കോർപ്പറേഷന് റിപ്പോർട്ട് നൽകിയതാണ്..
ഫയലിൽ ഉറങ്ങി ഇൻഫോപാർക്ക് ഫയർ സ്റ്റേഷൻ
ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റ് ഇൻഫോപാർക്കിന് വിളിപ്പാടകലെയാണ് .ആറുവർഷം മുമ്പ് ആവിഷ്കരിച്ച ഇൻഫോപാർക്ക് ഫയർ സ്റ്റേഷൻ പദ്ധതി സർക്കാരിന്റെ പരിഗണനയിലാണ് .എന്നാൽ സർക്കാർ ഈ വിഷയത്തിൽ കാര്യമായ ഇടപെടൽ നടത്തിയിട്ടില്ല. . ഫയർ സ്റ്റേഷൻ ആരംഭിക്കാൻ സ്ഥലവും,കെട്ടിടവും ഇൻഫോപാർക്ക് വാഗ്ദാനം ചെയ്തിരുന്നെങ്കിലും സർക്കാർ അനാസ്ഥ മൂലം പദ്ധതി ചുവപ്പ് നാടയിലാണ്.
പ്ലാസ്റ്റിക്ക് മാലിന്യം സംസ്കരിക്കാൻ സംവിധാനമില്ല
ഫയർഫോഴ്സ് റിപ്പോർട്ട് കാറ്റിൽ പറത്തി