കാൻസർ സെന്റർ കെട്ടിടം തകർച്ച

കൊച്ചി : മദ്ധ്യകേരളത്തിന്റെ പ്രതീക്ഷയായ കളമശേരിയിലെ കൊച്ചി കാൻസർ സെന്ററിന്റെ കെട്ടിടത്തിന്റെ ഒരുഭാഗം നിർമ്മാണത്തിനിടെ തകർന്നുവീണത് നിർമ്മാണച്ചുമതലയുള്ള ഇൻകെലിന്റെയും ചെന്നൈ ആസ്ഥാനമായ കരാറുകാരുടെയും വീഴ്ച മൂലം. നിർമ്മാണത്തിൽ ഗുണനിലവാരം പോരെന്ന പരാതി മുമ്പേ ഉയർന്നതാണ്.

കൃത്യമായ മേൽനോട്ടമോ അവലോകനമോ നടക്കുന്നുമില്ല. നിയമസഭാ എസ്റ്റിമേറ്റ് കമ്മിറ്റിയുടെ റിപ്പോർട്ടിലും സെന്ററിന്റെ പ്രവർത്തനത്തിൽ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

ഒരു വർഷമായി തുടരുന്ന നിർമ്മാണം വിലയിരുത്താൻ ആരോഗ്യവകുപ്പോ സ്പെഷ്യൽ ഓഫീസറായ ജില്ലാ കളക്ടറോ സമയബന്ധിതമായി യോഗങ്ങൾ ചേരാറില്ല. നിർമ്മാണം ഇഴഞ്ഞതിനെ തുടർന്ന് കരാറുകാരായ പി.ആൻഡ് സി കൺസ്ട്രക്ഷൻസിനെ ഒഴിവാക്കാൻ സെന്റർ അധികൃതർ നിർദ്ദേശിച്ചെങ്കിലും ആരോഗ്യമന്ത്രി കെ.കെ.ശൈലജ പങ്കെടുത്ത യോഗം തുടരാൻ അനുവദിച്ചു.

തിങ്കളാഴ്ച രാത്രിയാണ് കെട്ടിടത്തിന്റെ ഒരുഭാഗം തകർന്നു വീണെങ്കിലും രണ്ടു മണിക്കൂറിന് ശേഷമാണ് വിവരം പുറത്തറിഞ്ഞത്. ഇന്നലെ വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. ചെറിയ അപകടം മാത്രമാണെന്ന നിലപാടിലാണ് അധികൃതർ.

തകർന്നത് പോർച്ചിന്റെ ഭാഗമെന്ന് ഇൻകെൽ

കോൺക്രീറ്റ് തകർന്നുവീണത് കെട്ടിടത്തിന്റെ മറ്റു ഭാഗങ്ങളെ ബാധിച്ചോയെന്നു പരിശോധിക്കുമെന്ന് കാൻസർ സെന്ററിന്റെ ചുമതല വഹിക്കുന്ന ഇൻകെൽ ഉദ്യോഗസ്ഥൻ പ്രേം പണിക്കർ പറഞ്ഞു. സെന്ററിന്റെ നിർമ്മാണത്തെ അപകടം ബാധിക്കില്ല.

നിർമ്മാണം തുടരുന്ന പ്രധാന കെട്ടിടത്തിന്റെ കാർ പോർച്ചിന്റെ സ്ളാബിന്റെ ഭാഗമാണ് തകർന്നത്. ഇരുനൂറ് ചതുരശ്ര മീറ്റർ കോൺക്രീറ്റ് തകർന്നുവീണു. വാർക്കയ്ക്കിട്ട തട്ടിന്റെ തൂണ് ഉറപ്പിച്ച തറ ഇരുന്നുപോയതാണ് അപകടത്തിന് കാരണമെന്നാണ് ഇവരുടെ വിശദീകരണം.

കാർ പോർച്ചിന്റെ ഭാഗം തകർന്നത് മറ്റു ഭാഗങ്ങളെ ബാധിച്ചോയെന്ന് വ്യക്തമല്ല. തകർന്ന ഭാഗങ്ങൾ നീക്കി വിശദമായി പരിശോധിക്കും. കുഴപ്പങ്ങളില്ലെന്ന് ഉറപ്പാക്കി നിർമ്മാണം പുനരാരംഭിക്കും.

കരാറുകാരനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്.

വിദഗ്ദ്ധർ അന്വേഷിക്കണം : കൃഷ്ണയ്യർ മൂവ്മെന്റ്

കെട്ടിടത്തിന്റെ ഭാഗം തകർന്നതിനെപ്പറ്റി വിദഗ്ദ്ധർ ഉൾപ്പെടുന്ന സമിതി അന്വേഷിക്കണമെന്ന് ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ മൂവ്മെന്റ് ആവശ്യപ്പെട്ടു. മുഖമന്ത്രി പിണറായി വിജയൻ, ആരോഗ്യമന്ത്രി കെ.കെ. ശൈലജ, ഹൈബി ഈഡൻ എം.പി., ആരോഗ്യവകുപ്പ് സെക്രട്ടറി, സ്പെഷ്യൽ ഓഫീസർ കൂടിയായ ജില്ലാ കളക്ടർ എസ്.സുഹാസ് എന്നിവർക്ക് മൂവ്മെന്റ് ഇക്കാര്യം ഉന്നയിച്ച് നിവേദനം നൽകി.

നിയമസഭാ സമിതിയുടെ റിപ്പോർട്ട് നടപ്പാക്കുക, പൂർണ സമയ സ്പെഷ്യൽ ഓഫീസറെ നിയമിക്കുക, നിരീക്ഷണത്തിന് സമിതി രൂപീകരിക്കുക, കരാറുകാരനെ മാറ്റുക എന്നീ ആവശ്യങ്ങളും മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ഉന്നയിച്ചിട്ടുണ്ട്.

ഇൻകെലിനെ ഒഴിവാക്കണം

കെട്ടിട നിർമ്മാണത്തിൽ യാതൊരു മുൻപരിചയമില്ലാതെ കാൻസർ സെന്റർ പണിയാൻ വന്ന ഇൻകെലിനെയും കരാറുകാരായ ചെന്നൈയിലെ പി.ആൻഡ് സി കൺസ്ട്രക്ഷൻസിനെയും കെട്ടുകെട്ടിക്കണം. ആശുപത്രി നിർമ്മാണത്തിൽ പരിചയസമ്പന്നരായ കേന്ദ്ര സർക്കാർ സ്ഥാപനമായ എച്ച്.എസ്.എസ്.സിയെ ഒഴിവാക്കി ഇൻകെലിനെ ഏല്പിച്ചത് സംശയകരമാണ്.

ഡോ.കെ.എൻ. സനിൽകുമാർ

ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ മൂവ്മെന്റ്