കൊച്ചി:ശബരിമല വെറുമൊരു തീർത്ഥാടന കേന്ദ്രമല്ല, ആചാരാനുഷ്ഠാനങ്ങൾ ഏറെ പാലിക്കേണ്ട കഠിനവ്രത തീർഥാടന കേന്ദ്രമാണെന്നും വ്രത നിഷ്ഠയ്ക്ക് ഓരോ ചിട്ടവട്ടങ്ങളുണ്ടെന്നും പുരി ഗോവർദ്ധൻ ശങ്കരാചാര്യ പീഠാധിപതി സ്വാമി നിശ്ചാലാനന്ദ സരസ്വതി.

ചില പ്രായപരിധിയിലുള്ള സ്ത്രീകൾക്ക് വ്രതമെടുക്കാൻ കഴിയില്ല. ആഹാരത്തിലും വേഷത്തിലും ചിന്തയിലും പ്രവൃത്തിയിലുമെല്ലാം വ്രതനിഷ്ഠ പാലിക്കേണ്ടത് അയ്യപ്പഭക്തന്റെ ധർമമാണെന്ന്

പുരി ഗോവർധൻ ശങ്കരാചാര്യ പറഞ്ഞു.

ശബരിമലയിൽ നേരത്തെ സ്ത്രീകൾ കയറിയിട്ടുണ്ടെങ്കിൽ അത് ആചാരഭ്രംശമാണ്. അവയെ സാമാന്യവൽക്കരിക്കരുത്. ആചാര ലംഘനമുണ്ടായാൽ അതിന്റെ കേട് നാടിനും സംഭവിക്കും. ശബരിമലയിൽ സ്ത്രീവിവേചനമില്ല, പ്രായനിയന്ത്രണമാണുള്ളത്. പ്രായനിയന്ത്രണത്തെ സ്ത്രീവിവേചനമാക്കി സുപ്രീം കോടതിയിൽ വാദിക്കാനാണ് ശ്രമിച്ചത്. ദെെവവും ദേവതയും ഒന്നല്ല. ക്ഷേത്രങ്ങളിലെ ഓരോ ദേവതയ്ക്കും ഓരോ ഭാവമാണ്. പൊതു ആരാധനയ്ക്കു വേണ്ടിയുള്ള വിശ്വാസിയുടെ സ്ഥലമാണ് എല്ലാ ആരാധനാലയങ്ങളും. നിഷ്ഠകൾക്ക് അവടേയും പ്രധാന്യമുണ്ട്. ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കാനുള്ള ബാധ്യത സമൂഹത്തിനാകെയുണ്ട്.

അയോദ്ധ്യ ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം വെെകാരികമായി ഏറെ പ്രാധാന്യമുള്ള സ്ഥലമാണ്. സുപ്രീംകോടതി വിധി ശാശ്വത പരിഹാരമല്ല. തർക്ക ഭൂമി പകുത്ത് നൽകുകയോ രാമക്ഷേത്രത്തിന് സമീപം മസ്‌ജിദ്‌ പണിതത് കൊണ്ടോ പ്രശ്നപരിഹാരമാകില്ല. രാമക്ഷേത്രത്തിന് സമീപം മസ്‌ജിദ്‌ വേണ്ടെന്ന് മുസ്ളീം സഹോദരങ്ങൾ തന്നെ പറയുന്നതാണ് രം. ഇപ്പോഴത്തേത് വോട്ട് ബാങ്ക് രാഷ്ട്രീയത്തിൻറെ ഭാഗമായുണ്ടായ പ്രശ്ന പരിഹാരമാണെന്ന് സ്വാമി പറഞ്ഞു. ക്ഷേത്രവും മസ്‌ജിദും അടുത്തടുത്ത് സ്‌ഥിതി ചെയ്താൽ ഭാവിയിൽ പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് കരുതാനാകില്ലെന്നും ചോദ്യത്തിനുത്തരമായി അദ്ദേഹംപറഞ്ഞു..