പെരുമ്പാവൂർ:കഴിഞ്ഞ ദിവസം പെട്ടമലയിലെ പാറക്കുളത്തിൽ വീണ് യുവാവ് മരണമടഞ്ഞ പശ്ചാത്തലത്തിൽ സുരക്ഷ ശക്തിപ്പെടുത്തണമെന്ന് കോടനാട് പൊലീസിനോട് മുടക്കുഴ ഗ്രാമ പഞ്ചായത്ത് ആവശ്യപ്പെട്ടു. മുടക്കുഴ പഞ്ചായത്ത് എൽ.എസ്.ജി.ഡി. വിഭാഗം അസിസ്റ്റന്റ് എൻജിനീയർ നടത്തിയ സ്ഥലപരിശോധനയിൽ സ്ഥലത്തെ അപകടാവസ്ഥ ബോദ്ധ്യപ്പെട്ടു.തുടർന്ന് മുന്നറിയിപ്പ് ബോർഡുകളും,ചങ്ങല കെട്ടി തിരിക്കാനുമായി 1.90ലക്ഷംരൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി അനുമതിക്കായി സമർപ്പിച്ചു.കോടതി ഇടപെടലിനെ തുടർന്ന് 10 വർഷങ്ങൾക്ക് മുൻപ് ഇവിടെ ഖനനം നിരോധിച്ചിട്ടുണ്ട്.അപകടകരമായ രീതിയിൽ ഖനനം നടത്തിയതിനെ തുടർന്നാണ് അപകടങ്ങൾ. ഇതിനിടെ പെട്ടമലയിൽ ഖനനം നടത്താൻ അനുമതി തേടി ചിലർ അധികാരികളെ സമീപിച്ചു.ഖനനത്തിന് സർക്കാർ ഇളവ് നൽകിയ പശ്ചാത്തലത്തിലാണ് നീക്കം.
.എറണാകുളം ജില്ലയിലെ വേങ്ങൂർ വെസ്റ്റ് വില്ലേജിൽ പെടുന്ന മുടക്കുഴ പഞ്ചായത്തിലാണ് മനുഷ്യനിർമ്മിത ശുദ്ധജല തടാകത്തിന് സാദ്ധ്യതയുള്ളത്
നേരത്തെ പ്രവർത്തിച്ചിരുന്ന പാറമടകൾ പലതും 90 അടിയിൽ കൂടുതൽ താഴ്ചയിൽ ഖനനം നടത്തി പാറ കടത്തിയിരുന്നതായി സമീപവാസികൾ പറയുന്നു.
മഴവെെള്ള സംഭരണി
നല്ലൊരു മഴവെള്ള സംഭരണിക്ക് ഈ പ്രദേശം ഉപയോഗപ്പെടുത്താം.ഏകദേശം 100 ഏക്കറോളം വിസ്തൃതിയുള്ള മഴവെള്ള സംഭരണി സാദ്ധ്യമാകുമെന്നാണ് വിലയിരുത്തൽ.കൂടാതെ ടൂറിസം സാദ്ധ്യതയും പ്രയോജനപ്പെടുത്താം.ഇതിനായി നേരത്തെ ഒരു മാസ്റ്റർ പ്ലാൻ മുൻ എം.എൽ. എ സാജുപോളിന്റെ നേതൃത്വത്തിൽ കൊണ്ടു വന്നെങ്കിലും മുടങ്ങുകയായിരുന്നു.ഉദ്യോഗസ്ഥരുടേയും സ്ഥലമുടമകളുടേയും നിസഹകരണമായിരുന്നു അന്ന് പദ്ധതി മുടങ്ങാൻ കാരണമായി പറയുന്നത്.
പാറമടകൾ പലതും വെള്ളം നിറഞ്ഞ അവസ്ഥയിൽ
പാറമടകൾക്ക് ചുറ്റും കമ്പിവേലി കെട്ടി സംരക്ഷിക്കാൻ നോട്ടീസ്
അപകടം ഒഴിവാക്കാൻ 1.90ലക്ഷംരൂപയുടെ എസ്റ്റിമേറ്റ്